തൃശൂര്‍: ഡി-സോണ്‍ കലോത്സവം പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍പേഴ്സണ്‍ നിദ ഫാത്തിമ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എസ്.എഫ്.ഐക്കാര്‍ കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. കലോത്സവം നടത്തിപ്പിക്കാതിരിക്കുകയെന്നത് അവരുടെ ഹിഡന്‍ അജണ്ടയാണ്.
മാള ഹോളി ഗ്രേസ് കോളേജില്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐക്കാര്‍ പ്രകോപനം സൃഷ്ടിച്ചു ജഡ്ജസ്സുമാരെ അക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കലോത്സവത്തിന്റെ തുടര്‍ച്ച ഫെബ്രുവരി ആറിന് നടത്താന്‍ വി.സി. അനുമതി നല്‍കിയിരുന്നു. അതു പ്രകാരം കലോത്സവം തുടര്‍ന്ന് നടത്താന്‍ ഇന്നലെ ഒരുക്കങ്ങള്‍ നടത്തി. എന്നാല്‍ ഗവ.പ്ലീഡര്‍ ഇടപെട്ട് തടഞ്ഞതായും അവര്‍ അറിയിച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് ഭരണം യു.ഡി.എസ്.എഫ് പിടിച്ചടക്കിയത്. കലോത്സവത്തിന്റെ ആദ്യഘട്ടം ജൂണ്‍ പത്തിനാണ് തുടങ്ങിയത്. അന്ന് മുതല്‍ എസ്.എഫ്.ഐക്കാര്‍ നിരന്തരം വേട്ടയാടുകയാണെന്നും അവര്‍ പറഞ്ഞു.
യൂണിയന് ജന.സെക്രട്ടറി മുഹമ്മദ് സഫാന്‍, പ്രോഗ്രാം കമ്മിറ്റി ജോ.കണ്‍വീനര്‍ അനീഷ് ആന്റണി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.