തിരുവനന്തപുരം: ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കുട്ടി മരിച്ചതായി പരാതി. ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകള്‍ രണ്ടര വയസ്സുകാരി ഐഷാ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ മമല്‍ ആശുപത്രിക്കെതിരെയാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
കുട്ടിക്ക് ശ്വാസംമുട്ടലും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്വാസ തടസ്സത്തിന് ആവി പിടിച്ചശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷന്‍ എടുത്തു. ഇഞ്ചക്ഷന്‍ എടുത്ത ശേഷം കുട്ടിയുടെ നില വഷളായതായാണ് കുടുംബം പരാതിയില്‍ പറയുന്നത്. കുട്ടിയെ ആംബുലന്‍സില്‍ ഉടന്‍ നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു
ബന്ധുക്കളെ ആംബുലന്‍സില്‍ കയറുന്നതില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ ആദ്യം തടഞ്ഞതായും കുട്ടിയുടെ പിതാവ് പറഞ്ഞു. മൃതദേഹം നെയ്യാര്‍ മെഡിസിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.














