കൊച്ചി : നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. കേസ് റദ്ദാക്കാന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ്. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്കു വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറഞ്ഞത്. കേസ് അന്വേഷണവുമായി ക്രൈംബ്രാഞ്ചിനു മുന്നോട്ടു പോകാമെന്നു കോടതി വ്യക്തമാക്കി. ഹര്‍ജി തള്ളിയത് നടന്‍ ദിലീപിനു കടുത്ത തിരിച്ചടിയാകും. നിലവില്‍ ഉപാധികളോടെ ജാമ്യത്തിലുള്ള ദിലീപിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിലേക്കുവരെ കാര്യങ്ങള്‍ നീണ്ടേക്കും.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണു ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണു മറ്റു പ്രതികള്‍.