തൃശൂര്‍: ദൃശ്യങ്ങളുടെ പൂര്‍ണതയാണ് ഡ്രോണ്‍ ഫോട്ടോഗ്രാഫിയുടെ സവിശേഷത. ഡ്രോണിലൂടെ പകര്‍ത്തിയ ചിത്രങ്ങള്‍ കാഴ്ചയുടെ പുതിയ തലം കാണികള്‍ക്ക് നല്‍കുന്നു. തൃശൂരിലെ അസിസ്റ്റന്‍ഡ് കളക്ടര്‍ വി.എം.ജയകൃഷ്ണന്‍ ഡ്രോണില്‍ ഒപ്പിയെടുത്ത ഛായാചിത്രങ്ങള്‍ക്ക് പ്രകൃതിയുടെ ചാരുത. പരിസ്ഥിതിയെ മറന്നുള്ള പരിഷ്‌കാരങ്ങള്‍ക്കിടയിലും, കാലത്തിന്റെ തിരുശേഷിപ്പുകളായി നിലനില്‍ക്കുന്ന നെല്‍വയലുകളും, കോള്‍പാടങ്ങളും, ശില്‍പഭംഗിയുള്ള വാഴാലിക്കാവ് ക്ഷേത്രവും, തേയിലത്തോട്ടങ്ങളും ഡ്രോണ്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനത്തില്‍ പുതുമയായി.
ഇനിയും നഷ്ടമാകാത്ത മനക്കൊടി പുള്ളിന്റെ ഗ്രാമഭംഗിയും, കൊല്ലത്തെ വിസ്മയ സാന്നിധ്യമായ ജഡായുപാറയും, ആലപ്പുഴയിലെ കായലുകളും, വലയെറിയുന്ന മുക്കുവന്‍മാരും അടക്കം ഡ്രോണ്‍ ക്യാമറയില്‍ പകര്‍ത്തിയ മുപ്പതോളം ചിത്രങ്ങളാണ് ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിലുള്ളത്. ഔദ്യോഗിക ജോലിക്കിടയിലെ തിരക്കുകള്‍ക്കിടയിലാണ് തിരുവനന്തപുരം സ്വദേശിയായ ജയകൃഷ്ണന്‍ ഡ്രോണിലൂടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സമയം കണ്ടെത്തുന്നത്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ രൗദ്രസൗന്ദര്യം പകര്‍ത്താനുള്ള ശ്രമത്തിലാണിപ്പോള്‍ ജയകൃഷ്ണന്‍. മഴ ശക്തമാകുന്നതോടെ അതിരപ്പിള്ളിയില്‍ വെള്ളച്ചാട്ടത്തിന് മനോഹാരിതയേറും.
കേരള ലളിതകലാ അക്കാദമി ഹാളിലെ ചിത്രപ്രദര്‍ശനം റവന്യൂമന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. യഥാര്‍ത്ഥ ജീവിതക്കാഴ്ച്ചകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ അസിസ്റ്റന്റ് കളക്ടര്‍ പകര്‍ത്തിയ ഡ്രോണ്‍ ചിത്രങ്ങളുടെ പ്രദര്‍ശനം കൊണ്ട് സാധിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരക്കുകള്‍ക്കിടയില്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്ന അസിസ്റ്റന്റ് കളക്ടറെ മന്ത്രി അഭിനന്ദിച്ചു. കൊല്ലം ജില്ലയിലെ ജഡായുപ്പാറയുടെ ആകാശ ചിത്രം റവന്യു മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും അസിസ്റ്റന്റ് കളക്ടര്‍ ജയകൃഷ്ണന്‍ സമ്മാനിച്ചു.
ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെയും, കേന്ദ്ര ടൂറിസം വകുപ്പിന്റെയും ആസാദി കാ അമൃത് മഹോത്സവിന്റെയും ഉള്‍പ്പെടെ വെബ് പേജുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ജയകൃഷ്ണന്റെ ചിത്രങ്ങള്‍ ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ അദ്ധ്യക്ഷത വഹിച്ചു.
. ‘എബൗവ് ആന്‍ഡ് ബിയോണ്ട്’ എന്നു പേരിട്ട പ്രദര്‍ശനം ജൂണ്‍ 21ന് സമാപിക്കും.