Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശ്ശൂർ പൂരത്തിന്റെ പുരുഷാരത്തിലേക്ക് കുറുങ്കുഴലുമായി ഹൃദ്യ വീണ്ടുമെത്തും

തൃശൂർ: നിരവധി പ്രമുഖ ഉത്സവങ്ങളിൽ പാണ്ടിമേളത്തിൽ പങ്കെടുത്ത കുറുങ്കുഴൽ കലാകാരി ഹൃദ്യ കെ സുധീഷ് ഇത്തവണ കാരമുക്ക് ഘടക പൂരത്തിന്റെ ഭാഗമായി തൃശൂർ പൂരത്തിൽ പങ്കെടുക്കും. വാദ്യകലാകാരി എന്ന നിലയിൽ ഹൃദ്യ പങ്കെടുക്കുന്ന രണ്ടാം തൃശൂർ പൂരമാകും ഇത്. കഴിഞ്ഞ തവണ പനമുക്കുംപിള്ളി ഘടക പൂരത്തിന്റെ ഭാഗമായിരുന്നു കുറുങ്കുഴൽ വാദകയായ ഹൃദ്യയും മറ്റൊരു കുറുങ്കുഴൽ കലാകാരിയായ ശ്രീപ്രിയ മുളങ്കുന്നത്തുകാവും തൃശൂർ പൂരത്തിൽ പങ്കെടുത്തിരുന്നു. വിവാഹശേഷം ഇപ്പോൾ ഡൽഹിയിൽ താമസമായതിനാൽ ശ്രീപ്രിയ ഇത്തവണ മേളം കലാകാരിയായി തൃശ്ശൂർ പൂരത്തിനുണ്ടാകില്ല.

പിതാവും ചെണ്ട കലാകാരനുമായ സുധീഷ് കോഴിപ്പറമ്പിലിൽ നിന്നാണ് മേളത്തിൽ ആകൃഷ്ടയായത് എന്ന് ഹൃദ്യ പറയുന്നു. 32 വർഷം ഇലഞ്ഞിത്തറ മേളത്തിന്റെ ഭാഗമായ അജി പട്ടിക്കാടിൻ്റെ ശിക്ഷണത്തിലാണ് ഹൃദ്യ കുറുങ്കുഴൽ അഭ്യസിച്ചത്. കുറുങ്കുഴലിൽ ഊതുന്ന ഭാഗത്തുള്ള വിവിധ ശിവാളികൾ മാറിമാറി വച്ച് കൃത്യമായി ശബ്ദം വരുത്തുക എന്നത് പരിശീലന കാലഘട്ടത്തിൽ ആദ്യം വലിയ വെല്ലുവിളിയായിരുന്നു എന്ന് താണിക്കുടം അക്കരപ്പുറം സ്വദേശിയായ ഹൃദ്യ പറഞ്ഞു. നാലുവർഷമായി കുറുങ്കുഴൽ വാദകയായി പാണ്ടി – ശിങ്കാരിമേള രംഗത്ത് സജീവമാണ് ഈ കലാകാരി.

തൃശ്ശൂർ സെൻമേരിസ് കോളേജിൽ നിന്ന് ബിരുദവും സെൻതോമസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഹൃദ്യ ഇപ്പോൾ പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ എംബിഎ പഠിക്കുകയാണ്.

തൃശ്ശൂർ പൂരപ്രദർശന നഗരിയിൽ ‘പെൺപൂരം’ സ്റ്റാളിൽ ശനിയാഴ്ച്ച നടന്ന ചടങ്ങിൽ ഹൃദ്യയെ സംഘാടകർ ആദരിച്ചു. തൃശ്ശൂർ പൂരത്തിന് കൂടുതൽ സ്ത്രീ സൗഹൃദ ഇടങ്ങൾ ഒരുക്കുകയും കലാകാരികളായും കാണികളായും സ്ത്രീകളുടെ പങ്കാളിത്തം കൂട്ടുകയാണ് ലക്ഷ്യമെന്ന് ‘പെൺ പൂരം’ എന്ന ആശയം മുന്നോട്ടുവച്ച ഈസ്റ്റേൺ എ വി പി സെയിൽസ് ലൗലി ബേബി പറഞ്ഞു. പൂരാ​ഘോഷത്തിന് മാറ്റുകൂട്ടുന്ന വനിതകളെ ആദരിക്കാനായി ഈസ്റ്റേൺ ഇക്കുറി ഒരുക്കുന്ന ‘ഈസ്റ്റേൺ പെൺ പൂരം’ വ്യത്യസ്തമായ ഒരു ശ്രമമാണ്. പൂരത്തിന്റെ ഓരോ ചുവടുകളിലും തങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന സ്ത്രീകളെ ഈ സംരംഭത്തിലൂടെ ആദരിക്കുകയാണ് ഈസ്റ്റേൺ.

‘ഈസ്റ്റേൺ പെൺ പൂരം’ പരിപാടിയുടെ ഭാഗമായി സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അവർക്ക് പിന്തുണ നൽകാനും ഈസ്റ്റേൺ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടവയാണ് ‘പെൺ പൂരം സെൽഫി സ്പോട്ട്’, അതുപോലെ സ്ത്രീകൾക്ക് വിശ്രമിക്കാനും പൂരത്തിന്റെ ആഘോഷങ്ങൾ സുരക്ഷിതമായി ആസ്വദിക്കാനും സാധിക്കുന്ന ‘പെൺ ഇടം’ എന്നിവ. ഇതിന്റെ ഭാഗമായി ഈസ്റ്റേൺ ‘പെൺപൂരം’ പ്രദർശന സ്റ്റാളിന്റെ ഉദ്ഘാടനം ഈസ്റ്റേൺ എ.വി.പി സെയിൽസ് ലൗലി ബേബിയും, ഹൃദ്യയും, ഈസ്റ്റേൺ ഹെഡ് ഇന്നൊവേഷൻ ഡോ. നിമ്മി സുനിലും തൃശ്ശൂർ പൂരം പ്രദർശന നഗരിയിൽ ശനിയാഴ്ച ഉദ്ഘാടനം ചെയ്തു.

“കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ തൃശ്ശൂർ പൂരത്തിൽ സ്ത്രീകളുടെ വളരുന്ന പങ്ക് ആഘോഷിക്കുക എന്നതാണ് ‘ഈസ്റ്റേൺ പെൺ പൂരം’ എന്ന ലക്ഷ്യത്തിലൂടെ ഞങ്ങൾ മുന്നോട്ട് വെക്കുന്നത്. ഹൃദ്യയുടെ ജീവിതം ‘ഈസ്റ്റേൺ പെൺ പൂരം’ എന്ന ആശയത്തിന് ഏറ്റവും ഉചിതമായ ഉദാഹരണമാണ്. വരും വർഷങ്ങളിൽ കൂടുതൽ സ്ത്രീകൾ തൃശ്ശൂർ പൂരം പോലെയുള്ള സാംസ്കാരികോത്സവങ്ങളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇത് പ്രചോദനമായേക്കും എന്ന് കരുതുന്നു,” ഈസ്റ്റേൺ സി.ഇ.ഒ. ഗിരീഷ് നായർ അഭിപ്രായപ്പെട്ടു. നാല് പതിറ്റാണ്ടിലേറെയായി കേരളീയ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനും അതിന് ജീവൻ നൽകുന്ന വ്യക്തികളെയും, പ്രത്യേകിച്ച് സ്ത്രീകളെയും പ്രോത്സാഹിപ്പിക്കുന്നതിനും ഈസ്റ്റേൺ എന്നും പ്രതിജ്ഞാബദ്ധരാണെന്ന് ഗിരീഷ് നായർ കൂട്ടിച്ചേർത്തു.

ചിത്രം: പൂര പ്രദർശന നഗരിയിലെ ‘പെൺ പൂരം’ സ്റ്റാളിൽ ഹൃദ്യ കെ സുധീഷ് കുറുങ്കുഴൽ വായിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *