തൃശൂര്‍: അടച്ചുപൂട്ടലിന്റെ അരക്ഷിതകാലഘട്ടത്തിലെ കോവിഡ് ചട്ടം പാലിച്ചുള്ള പ്രതീകാത്മക തൃശൂര്‍ പൂരവും, മൗനമുറങ്ങുന്ന വിജനമായ തൃശൂര്‍ നഗരവും, ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലുള്ള ശവസംസ്‌കാരവും എന്റെ കേരളം മെഗാ പ്രദര്‍ശനമേളയില്‍ കാണാം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂരിലെ പത്ര ഫോട്ടോഗ്രാഫര്‍മാരും ചാനല്‍ വീഡിയോഗ്രാഫര്‍മാരും ആരംഭിച്ച ഫോട്ടോ/വീഡിയോ പ്രദര്‍ശനം അകലം പാലിച്ചുള്ള ജനജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി. കോവിഡ് കാലത്ത് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ കാഴ്ചകളാണ് ഫോട്ടോ പ്രദര്‍ശനത്തിലൊരുക്കിയിരിക്കുന്നത്.
ഉണ്ണി കോട്ടയ്ക്കല്‍, റസ്സല്‍ ഷാഹുല്‍, മനീഷ് ചേമഞ്ചേരി, ഫിലിപ്പ് ജേക്കബ്, ഡിവിറ്റ് പോള്‍, ഗസൂണ്‍ജി, ജീമോന്‍.കെ.പോള്‍, റാഫി.എം.ദേവസ്സി, ഡയമണ്ട് പോള്‍, സി.ബി.പ്രദീപ് കുമാര്‍, , ടോജോ ആന്റണി, രഞ്ജിത് ബാലന്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
ഗതികെട്ട് പുല്ലുതിന്നുന്ന ആനകളും, ആളൊഴിഞ്ഞ ഖബറിലെ ശവസംസ്‌കാരവും കോവിഡ് ദുരന്തകാലത്തെ വേറിട്ടകാഴ്ചകളായി പ്രദര്‍ശനത്തിനുണ്ട്. കൊടുങ്ങല്ലൂരില്‍ മീനഭരണിയാഘോഷത്തിന് പാലക്ക വേലന്‍ ദേവീദാസനായി കാവുതീണ്ടുന്ന ചിത്രം കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി.
മന്ത്രിമാരായ കെ. രാജന്‍, ഡോ. ആര്‍. ബിന്ദു, എം.എല്‍.എമാരായ എന്‍.കെ. അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ ഫോട്ടോ-വീഡിയോ പ്രദര്‍ശനം കാണാനെത്തി. 24 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. കോവിഡ് കാലത്തെ സംഭവങ്ങളും ഹ്യമന്‍ ഇന്ററസ്റ്റ് സ്റ്റോറികളും ഉള്‍പ്പെടുത്തിയാണ് വീഡിയോ പ്രദര്‍ശനം. പ്രദര്‍ശനം 15 വരെ നീണ്ടുനില്‍ക്കും.