തൃശൂര്‍; ഭിന്നശേഷിക്കാര്‍ക്ക് കരുതലും കൈത്താങ്ങുമായി സാമൂഹ്യനീതി വകുപ്പ്. എന്റെ കേരളം മെഗാപ്രദര്‍ശന മേളയിലെ സാമൂഹ്യനീതി വകുപ്പിന്റെ സ്റ്റാളില്‍ സമൂഹത്തിന്റെ സ്‌നേഹവും, സാന്ത്വനവും ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള പദ്ധതികളെക്കുറിച്ചറിയാം. പൊതുസമൂഹത്തില്‍ ഒറ്റപ്പെടുന്ന ഭിന്നശേഷിക്കാര്‍ക്ക് കരുണയുടെ കരം നീട്ടുകയാണ് സാമൂഹ്യനീതി വകുപ്പ്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സസ്‌നേഹം, റിഹാബ് എക്‌സ്പ്രസ് പദ്ധതികള്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും സാമൂഹ്യ നീതി വകുപ്പുമായി ചേര്‍ന്ന് ഒരുക്കിയ സസ്‌നേഹം പ്രോജക്ട് വഴി ഭിന്നശേഷി വിഭാഗക്കാര്‍ ഉണ്ടാക്കിയ ഉത്പന്നങ്ങള്‍ സസ്‌നേഹം സ്റ്റാളില്‍ വില്‍ക്കുന്നുണ്ട്.
ജില്ലയിലെ ഏഴു സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ഓരോ ദിവസവും മേളയില്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കും. മാങ്ങ ഉപ്പിലിട്ടത്,അച്ചാര്‍, ഉണ്ണിയപ്പം,നറുനീണ്ടി,പൈനാപ്പിള്‍ ജ്യൂസുകള്‍, മറ്റു ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവ സ്റ്റാളില്‍ ലഭ്യമാണ്.
വിദഗ്ധ ഡോക്ടര്‍മാരുടെ കേള്‍വി പരിശോധന, ഫിസിയോ തെറാപ്പി എന്നിവ നടത്തുന്ന റിഹാബ് എക്‌സ്പ്രസ്സ് പ്രോഗ്രാം മേളയില്‍ നടത്തി.
ഭിന്നശേഷിക്കാരെയും, വയോജനങ്ങളെയും സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിന്റെ പ്രതിബദ്ധതയാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന സന്ദേശം അടങ്ങിയ ഫോട്ടോകള്‍ ഫ്രെയിം ചെയ്്ത് തയ്യാറാക്കിയ സ്റ്റാന്‍ഡും സ്റ്റാളിലുണ്ട്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മേളയിലെത്തി ഫോട്ടോ ഫ്രെയിമില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു.