Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മേളയില്‍ തിളങ്ങി അമൃതം പൊടി

തൃശൂര്‍:  പാലിലും മറ്റും കുറുക്കിയ അമൃതം പൊടി കഴിക്കാന്‍ മിക്ക കുട്ടികളും മടിക്കും. അമൃതം പൊടി ഉപയോഗിച്ച് അട, വട്ടേപ്പം, കേസരി തുടങ്ങിയ വിവിധ രുചികളിലുള്ള പലയിനം വിഭവങ്ങളുണ്ടാക്കിയാല്‍ കുട്ടികള്‍ പുഷ്പം പോലെ അകത്താക്കും.  ഇതൊക്കെ അങ്കണവാടി ടീച്ചറുമാരുടെയും, അമ്മമാരുടെയും കണ്ടെത്തലുകളാണ്. എന്റെ കേരളം മേളയിലെ വനിതാശിശു വികസന വകുപ്പിന്റെ സ്റ്റാളിലെത്തിയാല്‍ അമൃതം പൊടിയുടെ മേന്മയറിയാം. അങ്കണവാടി ജീവനക്കാരും കുട്ടികളുടെ അമ്മമാരും ചേര്‍ന്നുണ്ടാക്കിയ അമൃതം പൊടി ഉപയോഗിച്ചുള്ള മധുരതരവും, രുചിപ്രദവുമായ വിഭവങ്ങളും ഇവിടെയുണ്ട്. പോഷകഗുണം കൊണ്ട് സമ്പന്നമായ സ്വദേറും വിഭവങ്ങളായ കേക്ക്, ഹല്‍വ, ലഡു, പായസം, അട, കട്ലെറ്റ്, വട്ടേപ്പം, കേസരി, നുഡില്‍സ്‌ തുടങ്ങിയ നിരവധി വിഭവങ്ങള്‍ അമൃതം പൊടി ഉപയോഗിച്ച് തയ്യാറാക്കാമെന്ന് അങ്കണവാടിക്കാര്‍ പറഞ്ഞുതരും. അമൃതം പൊടി മാത്രമല്ല കുമാരി പ്ലസും മില്ലറ്റുമെല്ലാം രുചിയേറും  വിഭവങ്ങളായാണ് മേളയിലെത്തിയത്.
അങ്കണവാടി ജീവനക്കാരും കുട്ടികളുടെ അമ്മമാരുമാണ് വിഭവങ്ങള്‍ ഒരുക്കിയത്.
വിഭവങ്ങളുടെ പാചകക്കുറിപ്പും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അങ്കണവാടികളില്‍ ലഭിക്കുന്ന സേവനങ്ങള്‍, അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പോഷകാഹാരങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ബോധവത്കരണ ക്ലാസുകളും ന്യൂട്രിഷ്യന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ 23 സംയോജിത ശിശു വികസന പദ്ധതിയായ പോഷകാഹാര പദ്ധതിയിലൂടെ ഭാഗമായാണ് ദിവസവും ഭക്ഷ്യ വിഭവങ്ങള്‍ സ്റ്റാളുകളില്‍ എത്തിക്കുന്നത്. ധാരാളം പേര്‍ അമൃതം പൊടി വിഭവങ്ങള്‍ നുകര്‍ന്ന് മികച്ച അഭിപ്രായം പങ്കുവെക്കുന്നുണ്ട്. ഓരോ ദിവസവും രണ്ട് ബ്ലോക്ക് കീഴിലുള്ള ഐസിഡിഎസുകളാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ഇവ കൂടാതെ മാവില, കറ്റാര്‍ വാഴ, പപ്പായ തുടങ്ങീ ജ്യൂസുകളും മെക്‌സിക്കന്‍ ചീര വിഭവങ്ങളും ശിശു വികസന വകുപ്പിന്റെ സ്റ്റാളിലെ സവിശേഷതയാണ് .ശിശുവികസന വകുപ്പിന്റെ പാരന്റിങ്ങ് ക്ലിനിക്ക്, ന്യൂട്രിഷന്‍ ക്ലിനിക്ക്, കൗണ്‍സിലിങ്ങ് തുടങ്ങിയവയും മേളയില്‍ ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *