മാറ്റുരക്കുന്നത് സി രവിചന്ദ്രനും ടി മുഹമ്മദ് വേളവും
കോഴിക്കോട്: കഴിഞ്ഞ കുറേക്കാലമായി നവമാധ്യമങ്ങളിലൂടെ നാസ്തികരും ഇസ്‌ലാമിസ്റ്റുകളും തമ്മില്‍ സംവദിച്ചുവരുന്ന വിഷയമാണ് മനുഷ്യന്റെ ധാര്‍മ്മിക. ഈ വിഷയത്തില്‍ ഒരു പരസ്യ സംവാദത്തിന് വേദിയൊരുക്കുകയാണ് ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സന്‍സ് ഗ്ലോബല്‍. ‘മനുഷ്യന്‍ ധാര്‍മ്മിക ജീവിയോ’ എന്ന വിഷയത്തില്‍ മാര്‍ച്ച് 11ന് ശനിയാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംവാദത്തില്‍, ഇസ്‌ലാമിക പക്ഷത്തെ പ്രതിനിധീകരിച്ച് ടി മുഹമ്മദ് വേളവും, നാസ്തിക പക്ഷത്തുനിന്ന് സി രവിചന്ദ്രനും പങ്കെടുക്കും. എഴുത്തുകാരനും പ്രഭാഷകനുമായ പി സുശീല്‍കുമാറാണ് സംവാദത്തിന്റെ മോഡറേറ്റര്‍. എസ്സന്‍സ് ഗ്ലോബല്‍ ടച്ച്‌സ്റ്റോണ്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംവാദ പരമ്പരയുടെ ഭാഗമായാണ് പരിപാടി നടക്കുന്നത്. ഉച്ചക്ക് 2.30 മുതല്‍ നടക്കുന്ന സംവാദത്തില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രവിചന്ദ്രനും വേളവും ഏറ്റുമുട്ടുന്നു
എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്ന നിലയില്‍ പ്രശസ്തനായ സി രവിചന്ദ്രന്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി സ്വതന്ത്ര ചിന്താ വേദികളിലെ നിറ സാനിധ്യമാണ്. സ്വതന്ത്രചിന്ത, നിരീശ്വരവാദം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ആയിരത്തിലധികം പ്രഭാഷണങ്ങളും, ഇരുപത്തിയഞ്ചിലധികം സംവാദങ്ങളും നടത്തിയിട്ടുണ്ട്. കെ വേണു, ചിദാനന്ദപുരി, സന്ദീപാനന്ദഗിരി, രാഹുല്‍ ഈശ്വര്‍, നവാസ്ജാനെ, ജേക്കബ് വടക്കുംചേരി, ഡോ രജത്കുമാര്‍, എന്നിവരുമായ നടത്തിയ സംവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സമാന വിഷയങ്ങളിലായി പതിനാറ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വിഖ്യാത ബ്രിട്ടീഷ് പരിണാമശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ‘ദ ഗോഡ് ഡെല്യൂഷന്‍’ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച ‘നാസ്തികനായ ദൈവം’ എന്ന പുസ്തകം ഇപ്പോഴും ബെസ്റ്റ് സെല്ലറാണ്്. ഡോക്കിന്‍സിന്റെ തന്നെ ‘ദ ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്’ എന്ന പരിണാമശാസ്ത്ര ഗ്രന്ഥത്തിന്റെ വിവര്‍ത്തനമായ ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം’, ഭഗവദ്ഗീത വിമര്‍ശനമായ ‘ബുദ്ധനെ എറിഞ്ഞ കല്ല്’ വാസ്തുശാസ്ത്ര വിമര്‍ശനഗ്രന്ഥമായ ‘വാസ്തുലഹരി’, ജ്യോതിഷ വിമര്‍ശനമായ ‘പകിട 13’, ജൈവകൃഷിയുടെ അശാസ്ത്രീയത വിശകലനംചെയ്യുന്ന ‘കാര്‍ട്ടറുടെ കഴുകന്‍’ (സഹരചയിതാവ് ഡോ. കെ.എം.ശ്രീകുമാര്‍), പശുരാഷ്ട്രീയവും ജനക്കൂട്ട അക്രമവും പ്രമേയമാക്കി രചിച്ച ‘ബീഫും ബിലീഫും’, ‘വിവേകാനന്ദന്‍ ഹിന്ദു മിശിഹയോ’, ഗാന്ധിവധത്തിന്റെ രാഷ്ട്രീയ സാമൂഹിക പരിസരം പറയുന്ന ‘വെടിയറ്റേ വന്‍മരം’ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
പ്രസിദ്ധ ന്യൂറോളജിസ്റ്റായ ഡോ.വിളയന്നൂര്‍ എസ്. രാമചന്ദ്രന്‍ രചിച്ച ‘ടെല്‍ ടെയില്‍ ബ്രയിന്‍’ എന്ന ശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന് കേരള ശാസ്ത്ര സാഹിത്യ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ യുവ ശാസ്ത്ര എഴുത്തുകാരനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 17 വര്‍ഷമായി കേരളത്തിലെ വിവിധ കലാലയങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുന്നു. നിലവില്‍ കൊല്ലം എഴുകോണിലെ ഗവണ്‍മെന്റ് പോളിടെക്നിക് കോളജില്‍അധ്യാപകനാണ്.
സംവാദത്തില്‍ ഇസ്‌ലാമികപക്ഷത്തെ പ്രതിനിധീകരിക്കുന്നത് എഴുത്തുകാരനും പ്രഭാഷകനും പൊതു പ്രവര്‍ത്തകനുമായ ടി.മുഹമ്മദ് വേളമാണ്. ചാനല്‍ ചര്‍ച്ചകളില്‍ സജീവ സാന്നിദ്ധ്യമായ അദ്ദേഹം ബൗദ്ധിക മികവുകൊണ്ടും നിലപാടുകളിലെ കൃത്യത കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നീതി ലഭ്യമാക്കാനുള്ള നിരവധി ജനകീയ പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിക്കുകയും അനേകം സമരങ്ങളില്‍ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. ലിബറലിസം, നവനാസ്തികത, കമ്യൂണിസം തുടങ്ങിയ ആശയങ്ങളെ വിമര്‍ശന വിധേയമാക്കുന്ന അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും ധാരാളം ആളുകളെ ആകര്‍ഷിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങള്‍ക്ക് പുറമെ, മൂന്ന് പുസ്തകങ്ങള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാസ്തികരുമായി രണ്ട് തവണ പൊതുവേദിയില്‍ സംവാദം നടത്തിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സ്റ്റഡി ആന്റ് റിസര്‍ച്ചിന്റെ (സിഎസ്ആര്‍ കേരള) ഡയറക്ടറാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ശ്രീലേഖ ചന്ദ്രശേഖര്‍, പ്രസിഡന്റ് എസ്സെന്‍സ് ഗ്ലോബല്‍- 9447500065
എം റിജു- 9645006727