കോഴിക്കോട്: 30 സെന്റിമീറ്റര്‍ നീളവും 4.1 കി. ഗ്രാം ഭാരവുമുള്ള ഗര്‍ഭാശയമുഴ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് വിജയകരമായി നീക്കം ചെയ്തു. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍വെച്ച് ഏറ്റവും വലിയ ഗര്‍ഭാശയമുഴ നീക്കംചെയ്യല്‍ ശസ്ത്രക്രിയയാണ് ഇതോടെ വിജയകരമായി പൂര്‍ത്തിയായത്. 42 വയസ്സുകാരിയായ വയനാട് സ്വദേശിനിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ‘യോനിയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു ഗര്‍ഭാശയമുഴ സ്ഥിതി ചെയ്തിരുന്നത്, ഹിസ്റ്ററക്ടമിയിലൂടെ അടിയന്തരമായി ഇത് നീക്കം ചെയ്തില്ലെങ്കില്‍ രോഗിയുടെ ജീവന് തന്നെ ആപത്തായി മാറുമായിരുന്നു’ എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോ. നാസര്‍ ടി (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ് – ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി) പറഞ്ഞു.
പൊതുവെ 20 ശതമാനം സ്ത്രീകളിലും ഫൈബ്രോയിഡ് കാണപ്പെടാറുണ്ട്. എന്നാല്‍ ഇതില്‍ മഹാഭൂരിപക്ഷവും അപകടകരമല്ലാത്തവയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്താത്തവയുമാണ്. മരുന്ന് ഉപയോഗിച്ചോ, ലാപ്പറോസ്‌കോപ്പി ചെയ്‌തോ, എംബൊളൈസേഷന്‍ വഴിയോ, തുറന്നുള്ള ശസ്ത്രക്രിയയിലൂടെയോ ഒക്കെ ഇത്തരം ഗര്‍ഭാശയ മുഴകള്‍ നീക്കം ചെയ്യുന്നത് പതിവാണ്. എന്നാല്‍ 4.1 കി.ഗ്രാം ഭാരവും, പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയുമാണ് ഈ കേസിനെ വ്യത്യസ്തമാക്കിയത്. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് വയനാട് സ്വദേശിനി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് നടന്ന വിദഗ്ദ്ധ പരിശോധനയിലാണ് വലിയ ഗര്‍ഭാശയ മുഴ ശ്രദ്ധയില്‍ പെട്ടത്. 30 സെന്റിമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുണ്ടായിരുന്ന മുഴയുടെ 12 സെന്റീമീറ്റര്‍ ഭാഗം യോനിയില്‍ നിന്ന് പുറത്തേക്ക് തളളി നില്‍ക്കുന്ന അവസ്ഥയായിരുന്നു.
ഗര്‍ഭാശയത്തിന്റെ മുകളില്‍ നിന്നും വളരുന്ന മുഴ എന്നതും ശസ്ത്രക്രിയയെ സങ്കീര്‍ണ്ണമാക്കിമാറ്റി. 15 വര്‍ഷം മുന്‍പ് അണ്ഡാശയ കാന്‍സര്‍ ബാധിച്ച് ചികിത്സ നടത്തുകയും അസുഖത്തെ അതിജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അവര്‍. ഇതിന് പുറമെ ഉദരത്തില്‍ മറ്റൊരു ട്യൂമര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുള്ള ശസ്ത്രക്രിയ വിജയകരമായിരുന്നില്ല.
ശസ്ത്രക്രിയകഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ആസ്റ്റര്‍ മിംസിലെ സ്ത്രീരോഗ വിഭാഗം സീനിയർ കൺസൾറ്റൻറ്മാരായ ഡോ. നാസര്‍ ടി, ഡോ. റഷീദ ബീഗം, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. സലീം വി. പി, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. അയിഷാ വര്‍ദ്ധ, സ്റ്റാഫ് നഴ്‌സ് അതിശയ എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു.