Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പ്രവീണ്‍ ഒപ്പിയെടുത്ത ചിത്രങ്ങള്‍ക്ക് കാലത്തിന്റെ കയ്യൊപ്പ്

തൃശൂര്‍:  കടന്നുപോയ  കര്‍മ്മനിരതമായ കാല്‍നൂറ്റാണ്ടിനിടെ കെ.എസ്.പ്രവീണ്‍കുമാര്‍ ഒപ്പിയെടുത്തത് കാലത്തിന്റെ കയ്യൊപ്പു ചാര്‍ത്തിയ മിഴിവാര്‍ന്ന ചിത്രങ്ങള്‍. ഓര്‍മകളുടെ ഫ്രെയിമില്‍ ചേര്‍ത്തുവെയ്ക്കാന്‍ മഴവില്‍ച്ചന്തമുള്ള നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചായിരുന്നു ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫറായിരുന്ന പ്രവീണിന്റെ അകാലവിയോഗം.
ജന്മനാടായ കീഴ്പയ്യൂരിന്റെ ഗ്രാമഭംഗിയും, പച്ചപ്പ് നിറഞ്ഞ നാട്ടുവഴികളും, മൂന്നാറിലെ രാജമലയില്‍ പൂത്തുവിടര്‍ന്ന നീലക്കുറിഞ്ഞിയും പ്രവീണ്‍ പകര്‍ത്തിയ ചിത്രങ്ങളിലുണ്ട്്. അന്തിക്കാട്ടുകാരനായ  സഖാവിനെ പോലീസ് മൃഗീയമായി നിലത്തിട്ടുചവിട്ടുന്ന ദൃശ്യം പോയകാലത്തെ സഹനസമരത്തിന്റെ നേര്‍ക്കാഴ്ചയായി. 2002-ല്‍ തൃശൂരില്‍ നടന്ന ചെത്തുതൊഴിലാളികളുടെ സമരത്തിനിടയിലാണ് പോലീസിന്റെ ക്രൂരനരനായാട്ട് നടന്നത്.
തൃശൂര്‍ പൂരവും, പുലിക്കളിയും, തെയ്യവും, തിറയുമെല്ലാം പ്രവീണിന്റെ ഫോട്ടോ ശേഖരത്തിലെ അപൂര്‍വതകളാണ്. വര്‍ണപ്പൊലിമയോടെ ഓണപ്പൂക്കളമൊരുക്കുന്നതിന്റെ ചിത്രം കണ്ടാല്‍ വെറുതെയെങ്കിലും പൂവിളികള്‍ക്ക് കാതോര്‍ക്കും.  
പ്രളയക്കാഴ്ചകളും, കോവിഡ് ദുരിതവും, നിപ വൈറസ് പടര്‍ന്നപ്പോള്‍ കനത്ത സുരക്ഷയില്‍  മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്ന ചിത്രവും പിന്നിട്ട അതിജീവനകാലത്തെ ഓര്‍മ്മിപ്പിക്കും. ജൈവവൈവിധ്യത്തിന്റെ തിരുശേഷിപ്പുകളായ ചിത്രങ്ങളെടുക്കാനും പ്രവീണ്‍ മറന്നിരുന്നില്ല. കായികമേളകളിലെ നിരവധി ജീവന്‍ തുടിക്കുന്ന ദൃശ്യങ്ങളും ഫോട്ടോ പ്രദര്‍ശനത്തിലുണ്ട്.  
പ്രവീണിന്റെ തിരഞ്ഞെടുത്ത നൂറോളം ഫോട്ടോകള്‍ പ്രദര്‍ശനത്തില്‍ കാണാം. പ്രവീണ്‍കുമാറിന് സ്മരണാഞ്ജലിയായി സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍  കേരള മീഡിയ അക്കാദമിയും തൃശൂര്‍ പ്രസ് ക്ലബ്ബും സഹകരിച്ചാണ് മൂന്നു ദിവസം നീളുന്ന ഫോട്ടോ പ്രദര്‍ശനം ഒരുക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *