Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലൻസുമായി ആസ്റ്റർ മെഡ്‌സിറ്റി

5ജിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ആംബുലൻസ്

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലസ് സംവിധാനം അവതരിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. അപ്പോത്തിക്കരി മെഡിക്കൽ സർവീസസ് എന്ന മെഡിക്കൽ സ്റ്റാർട്ട്‌അപ്പ്‌സ്ഥാപനത്തിന്റെ സഹായത്തോടെയാണ് 5ജി ഉപഗ്രഹസാങ്കേതിക വിദ്യയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന അത്യാധുനിക ആംബുലൻസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ആംബുലസിനുള്ളിൽ എബിജി, ഇസിജി, യുഎസ്‌ജി പരിശോധനകൾ ഉൾപ്പെടെ നടത്താൻ കഴിയുന്ന വെർച്വൽ എമർജൻസി റൂമാണ് ഒരുക്കിയിട്ടുള്ളത്. ഇതുപയോഗിച്ച് ആംബുലസിൽ പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ രോഗിയുടെ പരിശോധനയും രോഗനിർണയവും നടത്താനാകും. തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക ചടങ്ങിൽ ഡോ. ശശി തരൂർ എംപി 5ജി ആംബുലൻസ് ഉദ്ഘാടനം ചെയ്തു.

ആംബുലൻസിനകത്തുള്ള എല്ലാ ബയോമെഡിക്കൽ ഉപകരണങ്ങളും വൈഫൈ വഴി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതാണ്. ഇവ ഉടൻ തന്നെ വിവരങ്ങൾ കൺട്രോൾ റൂമിലേക്ക് കൈമാറുകയും രോഗി ആശുപത്രിയിൽ എത്തുന്നത് വരെ വിദഗ്ധ ഡോക്ടർമാർ അവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ആംബുലൻസിലുള്ള ജൂനിയർ ഡോക്ടർമാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യും.സ്മാർട്ട് കണ്ണടകൾ ഉപയോഗിച്ച് തത്സമയം ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടുകയുമാവാം.

“ഈ അത്യാധുനിക സാങ്കേതികവിദ്യ കേരളത്തിൽ എത്തിക്കാൻ ആസ്റ്റർ മെഡ്‌സിറ്റി കാണിച്ച ദീർഘവീക്ഷണത്തെ ശശി തരൂർ എംപി അഭിനന്ദിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ഏറ്റവും വേഗം ചികിത്സ ലഭ്യമാക്കുന്നതിൽ ഈ ചുവടുവെപ്പ് ഏറെ നിർണായകമാണ്. അതിനുവേണ്ടി മുൻകൈയെടുത്തത്തിലൂടെ കേരളത്തിന്റെ ആരോഗ്യരംഗത്ത് ആസ്റ്റർ മെഡ്‌സിറ്റിയുടെ പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്നും” ഡോ. ശശി തരൂർ പറഞ്ഞു.

ആംബുലൻസിൽ കിടക്കുന്ന രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ്, ആന്തരിക രക്തസ്രാവത്തിന്റെ ചിത്രങ്ങൾ, ഇസിജി, എന്നിവയെല്ലാം ആശുപത്രിയിലുള്ള കൺട്രോൾ റൂമിലേക്കും അതുവഴി വിദഗ്ധ ഡോക്ടറിലേക്കും എത്തിക്കാൻ ആംബുലൻസിനു കഴിയും. അതുവഴി ആംബുലൻസിലുള്ള ജൂനിയർ ഡോക്ടറിനും മറ്റ് ജീവനക്കാർക്കും കൃത്യമായ നിർദേശങ്ങളും സഹായങ്ങളും എത്തിക്കാം.

സാധാരണ ആംബുലൻസുകളിൽ വാഹനത്തിന്റെ ഒരു വശത്തോട് ചേർന്നായിരിക്കും രോഗിയെ കിടത്തുന്നതിനുള്ള സ്‌ട്രെച്ചർ ഉള്ളത്. എന്നാൽ ഈ സ്മാർട്ട് ആംബുലൻസിൽ വാഹനത്തിന്റെ മധ്യത്തിലായാണ് രോഗിയെ കിടത്തുക. അതിന് ചുറ്റും മെഡിക്കൽ ഉപകരണങ്ങളും ഡോക്ടർക്ക് നിൽക്കാനുള്ള സൗകര്യവും ഉണ്ട്. ഒരു ആശുപത്രിയിലെ കാഷ്വാലിറ്റി റൂമിന് സമാനമായ സൗകര്യങ്ങളാണ് ആംബുലൻസിനുള്ളിൽ ഒരുക്കിയിട്ടുള്ളത്. ഹൃദയവും ശ്വാസകോശവും തകരാറിലാകുന്ന സാഹചര്യങ്ങളിൽ രക്തം ശുദ്ധീകരിച്ച് അതിലേക്ക് ഓക്സിജൻ എത്തിക്കുന്നതിനുള്ള ജീവൻരക്ഷാ ഉപാധിയായ എക്‌മോയും (വെന്റിലേറ്ററിന്റെ ആധുനിക രൂപം) ഈ ആംബുലൻസിലുണ്ട്. ഒപ്പം കൂടുതൽ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തെ സഹായിക്കുന്ന ഐ.എ.ബി.പി സംവിധാനവും ഒരുക്കിയിട്ടുണ്ട്. അപകടങ്ങളിൽ പരിക്കേറ്റ ഒന്നിലധികം പേരെ ചികിത്സിക്കാനുള്ള ക്രാഷ് കാർട്ട് ഡോർ സൗകര്യവും സ്മാർട്ട് ആംബുലൻസിൽ ലഭ്യമാണ്.

അവശ്യഘട്ടങ്ങളിൽ ആംബുലൻസിന്റെ ഉയരം കുറച്ച് രോഗികളെ സുഖകരമായി അകത്ത് കയറ്റാൻ സഹായിക്കുന്ന എയർ സസ്‌പെൻഷൻ സംവിധാനമാണ് ഈ ആംബുലൻസിലുള്ളത്. വാഹനത്തിനുള്ളിൽ യാത്ര ചെയ്യുമ്പോൾ ഛർദി പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്ന മോഷൻ സിക്ക്നെസ്സ് എന്ന അവസ്ഥ തടയാനുള്ള സംവിധാനങ്ങളും വിമാനങ്ങളിലേത് പോലെയുള്ള ജംപ് സീറ്റുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. മടക്കിവെക്കാവുന്ന വീൽചെയറുകളും സ്ട്രക്ച്ചറുകളും ആംബുലൻസിന്റെ പുറത്ത് നിന്ന് തന്നെ എടുത്ത് ഉപയോഗിക്കാൻ കഴിയും. ആംബുലൻസിനുള്ളിൽ ലഭ്യമായ വളരെ കുറഞ്ഞ സ്ഥലംപോലും അതിവിദഗ്ധമായി ഉപയോഗപ്രദമാകുന്ന രീതിയിലാണ് വാഹനം രൂപകൽപന ചെയ്തിട്ടുള്ളത്.

ആധുനിക സാങ്കേതികവിദ്യ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്നതിന്റെ തെളിവാണ് ഈ ആംബുലൻസ് എന്ന് ആസ്റ്റർ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു. രാജ്യത്താദ്യമായി ഇത്തരത്തിലൊരു സ്മാർട്ട് ആംബുലൻസ് അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഇനിയും ഉന്നത മേന്മയുള്ള ചികിത്സാ സംവിധാനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആസ്റ്റർ മെഡ്സിറ്റിയുമായി ഈ ഉദ്യമത്തിൽ പങ്കാളികളായതിൽ അതിയായ സന്തോഷമുണ്ടെന്ന് അപ്പോത്തിക്കരി മെഡിക്കൽ സർവീസസിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ ഡോ. നദീം ഷാ ഹംസത് ടി.എ പറഞ്ഞു. കേരളത്തിലെ അത്യാഹിത ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ ആംബുലൻസിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ആംബുലൻസ് സംവിധാനങ്ങളുടെ ഭാവിയെന്താകുമെന്ന് നിർണയിക്കുന്ന ചുവടുവെപ്പാണ് ആസ്റ്റർ മെഡ്‌സിറ്റിയും അപ്പോത്തിക്കരി മെഡിക്കൽ സർവീസസും ചേർന്ന് അവതരിപ്പിച്ചിരിക്കുന്ന പുതിയ സംവിധാനം.

Leave a Comment

Your email address will not be published. Required fields are marked *