തൃശൂർ: ചലച്ചിത്രസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ഗാനം ശ്രുതിശുദ്ധമായി പാടുന്ന തിരക്കിലായിരുന്നു ഭാവഗായകനായ ജയചന്ദ്രന്‍. ഇതിനിടെ തികച്ചും അവിചാരിതമായിട്ടായിരുന്നു നടന ചക്രവര്‍ത്തി പത്മശ്രീ കലാമണ്ഡലം ഗോപി നഗരത്തിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ എത്തിയത്. പാട്ടിലെ വരികള്‍ പോലെ നറുനിലാ തെന്നലില്‍ നിറകാന്തി ചൊരിഞ്ഞുള്ള വരവ്.
അല്പ സമയത്തിനുള്ളില്‍ നാട്ടുകാരനായ ചലച്ചിത്രസംവിധായകന്‍ മോഹനും, പത്‌നി പ്രശസ്ത നര്‍ത്തകിയായ അനുപമ മോഹനും റെക്കോര്‍ഡിംഗ് കാണാന്‍ എത്തി. അപ്രതീക്ഷിതമായി എത്തിയ അതിഥികളെ കണ്ട് ആദ്യം അമ്പരന്ന ഭാവഗായകന്‍ ഗോപിയാശാന്റെ കാല്‍തൊട്ടുവന്ദിച്ചു അനുഗ്രഹം തേടി.
മലയാള സിനിമയിലെ ഏറ്റവും അമൂല്യമായ ബഹുമതിയായ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് നേടിയ ജയചന്ദ്രനെ കലാമണ്ഡലം ഗോപി പൊന്നാടയണിയിച്ച് ആദരിച്ചു.
ജെ.സി.ഡാനിയേല്‍ പുരസ്‌കാരം പ്രഖ്യാപിച്ച ശേഷം ആദ്യമായി ജയചന്ദ്രന്‍ തൃശൂരില്‍ എത്തിയെന്നറിഞ്ഞപ്പോള്‍ നേരിട്ട് അഭിനന്ദിക്കാനെത്തിയതായിരുന്നു കലാമണ്ഡലം ഗോപിയാശാന്‍. ഇരിങ്ങാലക്കുടക്കാരായ മോഹനും, ജയചന്ദ്രനും കൂടല്‍മാണിക്യക്ഷേത്രത്തിലെ കഥകളിയരങ്ങുകളിലെ ഗോപിയാശാന്റെ വേഷപ്പകര്‍ച്ചകള്‍ ഓര്‍ത്തെടുത്തു.
തൃശ്ശൂര്‍ സൗഹൃദ കൂട്ടായ്മയുടെ ആരംഭിക്കാനിരിക്കുന്ന സംഗീത ആൽബത്തിനു വേണ്ടിയുള്ള ‘തഴുകും നിഴലായ്’ എന്നു തുടങ്ങുന്ന ഗാനം രചിച്ചത് രാജേഷ് തെക്കിനേഴത്താണ്. ചലചിത്ര സംവിധായകന്‍ മോഹന്‍, അനില്‍ സി.മേനോന്‍, നര്‍ത്തകി അനുപമ മോഹന്‍, എം.പി.സുരേന്ദ്രന്‍, അനില്‍ വാസുദേവന്‍, ഷോഗണ്‍ രാജു, സി.വേണുഗോപാല്‍, ഷിബു ടുലിപ്‌സ്, തൃശ്ശിവപേരൂര്‍ മോഹനചന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.
Photo Credit: Newss Kerala