Newsskerala

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിംഗ്:  ഭരണവിരുദ്ധ തരംഗമെന്ന് യുഡിഎഫ്, ജനങ്ങളുടെ  അംഗീകാരമെന്ന് എല്‍ഡിഫ്

തൃശൂര്‍: ശക്തമായ ത്രികോണമത്സരവും ഭരണവിരുദ്ധവികാരവുമാണ് നിയമസഭാതിരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന പോളിംഗിന് കാരണമായതെന്ന്് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു. പോളിംഗ് കൂടിയത്് തങ്ങള്‍ക്ക്്് നേട്ടമാകുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം.  എല്‍ഡിഎഫും, യുഡിഎഫും, എന്‍ഡിഎയും ഇപ്പോള്‍ കണക്കുകൂട്ടലുകളുടെ തിരക്കിലാണ്. കൂട്ടലും കിഴിക്കലും കഴിഞ്ഞെങ്കിലും ജനവിധി തങ്ങള്‍ക്കനുകൂലമാകുമെന്ന് ഉറപ്പിച്ചു പറയുന്നതില്‍ മൂന്ന്്് മുന്നണികളിലും ആശയക്കുഴപ്പമുണ്ട്്. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.  1987 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗാണ് 16-ാം കേരള നിയമസഭയിലേക്ക് നടന്നത്. പാലക്കാട്ടെ ചിറ്റൂരിലാണ് ഉയര്‍ന്ന പോളിംഗ് കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ്.
ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ പിന്തുണയും ചേരുമ്പോള്‍ യുഡിഎഫ് തിരിച്ചുവരുമെന്നതാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള മലബാര്‍ മേഖലയില്‍ 35 സീറ്റുകള്‍ നേടുമെന്നാണ്  യുഡിഎഫ് കരുതുന്നത്.  കഴിഞ്ഞതവണ കൈവിട്ടു പോയ മധ്യതിരുവിതാംകൂറില്‍ മുന്നേറ്റം യുഡിഎഫ് പ്രതീക്ഷിക്കുന്നു.  തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്ന് കുറഞ്ഞത് 10 സീറ്റ് കണക്കുകൂട്ടുന്നു. ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളുടെ കാര്യത്തിലാണു കോണ്‍ഗ്രസിന് ആശങ്കകളുള്ളത്. തൃശൂരില്‍ പരമാവധി അഞ്ച് സീറ്റു കിട്ടുമെന്നാണ് യുഡിഎഫ് കരുതുന്നത്. തൃശൂര്‍, മണലൂര്‍, ചാലക്കുടി എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫിന് മേല്‍ക്കൈയുണ്ട്്്. ലീഗും കേരള കോണ്‍ഗ്രസും അടക്കമുള്ള ഘടകകക്ഷികള്‍ക്ക് കുറഞ്ഞത് 30 സീറ്റാണ് കോണ്‍ഗ്രസിന്റെ കണക്കില്‍. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് എല്‍ഡിഎഫിന് മുന്‍തൂക്കമെന്നാണ് യുഡിഎഫുകാര്‍ കരുതുന്നത്.
31 സീറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ബിജെപിക്ക് ബാക്കി 109 മണ്ഡലങ്ങളില്‍ സമാഹരിക്കാന്‍ കഴിയുന്ന വോട്ടുകള്‍ നിര്‍ണായകമാകും. ‘ഡീല്‍’ നടന്നോ ഇല്ലയോ എന്നതെല്ലാം ഫലം വന്നാല്‍ അറിയാം.  2016 നെക്കാളും 99 സീറ്റുകളില്‍ ബിജെപിയുടെ വോട്ട് വിഹിതം 2021-ല്‍ കുറഞ്ഞിരുന്നു. ആ ചോര്‍ച്ച എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചക്ക്്് ഇടയാക്കി.
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് താമര വിരിഞ്ഞെന്ന അവകാശവാദവുമായി ബിജെപി നേതാക്കള്‍. തൂക്കുസഭയില്‍ 30ലേറെ സീറ്റുകള്‍ നേടി കറുത്ത കുതിരകള്‍ ആവുമെന്ന് പുറത്തു പറയുമ്പോഴും നിലവില്‍ ബിജെപിയുടെ വിലയിരുത്തല്‍ രണ്ട് സീറ്റുകള്‍ ഉറപ്പെന്നാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറിന്റെയും കഴക്കൂട്ടത്ത് വി മുരളീധരന്റെയും വിജയം ഉറപ്പെന്നാണ് വിലയിരുത്തല്‍. കാട്ടാക്കട, വട്ടിയൂര്‍കാവ്, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, മഞ്ചേശ്വരം, പാലക്കാട്, അടക്കം 10 ഇടങ്ങളില്‍ വിജയ സാധ്യത കല്‍പ്പിക്കുന്നു.
നേമത്ത് ന്യൂനപക്ഷ വോട്ടുകള്‍ രണ്ടായി വിഭജിച്ചെന്ന് ബിജെപി വിലയിരുത്തുന്നു. ശിവന്‍കുട്ടിക്കും ശബരീനാഥിനുമായി ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെട്ടപ്പോള്‍ നിഷ്പക്ഷ, യുവ വോട്ടുകള്‍ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തല്‍. ശബരിമല വിഷയം ചര്‍ച്ചാ വിഷയമായത് കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് എതിരും വി മുരളീധരന് അനുകൂലവുമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. വട്ടിയൂര്‍ക്കാവിലും കാട്ടാക്കടയിലെ ഉയര്‍ന്ന പോളിങിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. മഞ്ചേശ്വരത്ത് ഇത്തവണ പ്രവാസി വോട്ടുകള്‍ കൂട്ടമായി എത്താത്തത് സുരേന്ദ്രന് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പാലക്കാടും ചാത്തന്നൂര്‍, മണലൂര്‍ പോലുള്ള മണ്ഡലങ്ങളിലും അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ബിജെപി കണക്കുകൂട്ടുന്നു.
പോളിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ വിജയ സാധ്യത പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നല്‍കുന്ന കണക്ക് പരിശോധിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരും. 80 സീറ്റിനു മുകളില്‍ നേടി ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന നേതൃത്വം. ഉയര്‍ന്ന പോളിംഗ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്നാണ് നേതാക്കള്‍ പങ്കുവെക്കുന്ന പ്രതീക്ഷ.
അതേസമയം, കേരളത്തോടൊപ്പം വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. പുതുച്ചേരിയില്‍ 89.87 ശതമാനമാണ് പോളിങ്,അസമില്‍ 85.65% വോട്ടര്‍മാരാണ് വിധിയെഴുതിയത്.

Leave a Comment

Your email address will not be published. Required fields are marked *