ടെഹ്റാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്റാനില്‍ ഇന്നലെ രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു.
ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ ആണവ പദ്ധതികള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ രാത്രിയില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക മേധാവി കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരണമുണ്ടാകുന്നത്.
2024-ല്‍ ഇറാന്‍ ഇസ്രയേലിന് നേരെ ആദ്യമായി നേരിട്ട് നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് ഹൊസൈന്‍ സലാമിയായിരുന്നു. 300ല്‍ അധികം ഡ്രോണുകളും മിസൈലുകളും വിന്യസിച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ ഇറാനുനേരെ ആക്രമണം നടത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ ‘ഏത് സാഹചര്യങ്ങളെയും സന്ദര്‍ഭങ്ങളെയും നേരിടാന്‍ ഇറാന്‍ പൂര്‍ണ്ണമായി തയ്യാറാണ്’ എന്നായിരുന്നു സലാമി വ്യാഴാഴ്ച പറഞ്ഞത്.
ഇറാന്റെ മറ്റു ഉന്നത സൈനിക ഉദ്യോഗസ്ഥരും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. എന്നാല്‍ ഹൊസൈന്‍ സലാമിയുടെ മരണം മാത്രമാണ് ഇറാന്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
ആക്രമണത്തില്‍ രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്റെ മുന്‍ തലവന്‍ ഫെറൈഡൂണ്‍ അബ്ബാസി, ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്റാഞ്ചി എന്നിവരാണ് കൊല്ലപ്പെട്ടത്. 2010-ല്‍ ടെഹ്റാനില്‍ ഫെറൈഡൂണ്‍ അബ്ബാസിക്ക് നേരെ വധശ്രമം നടന്നിരുന്നു.