തൃശൂര്‍: 2011-ല്‍ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കേ കത്തിച്ചാമ്പലായ കൂത്തമ്പലത്തിനും ഇത്തവണ കലയുടെ കളിവിളക്ക്് തെളിയും. ഇറ്റ്‌ഫോക്കിന്റെ ഏഴ് വേദികളിലൊന്നാണ് പഴയ കൂത്തമ്പലം.
ചാരത്തില്‍ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അര്‍ത്ഥമുള്ള കത്തിയെരിഞ്ഞ പഴയ കൂത്തമ്പലമായ ഫാവോസ് തീയേറ്ററാണ് ഇത്തവണത്തെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു വേദി. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൂത്തമ്പലം ഇറ്റ്‌ഫോക്കിന് വേദിയാക്കുന്നത്. ഓഡിയോ വിഷ്വല്‍ പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കുന്ന അസ്മാ അസായിസെയുടെ ‘ഡോണ്‍ഡ് ബിലീവ് മി ഈഫ് ഐ ടോക്ക് ടു യു ഓഫ് വാര്‍ ‘ എന്ന പലസ്തീന്‍ നാടകമാണ് കൂത്തമ്പലത്തില്‍ അരങ്ങേറുക.
2010ല്‍ ഇറ്റാലിയന്‍ നാടകകൃത്തും നൊബേല്‍ സമ്മാന ജേതാവുമായ ലൂയിജി പിരാന്തല്ലോയുടെ ‘സിക്‌സ് ക്യാരക്ടേഴ്‌സ് ഇന്‍ സര്‍ച്ച് ഓഫ് ആന്‍ ഓദര്‍ ‘ എന്ന നാടകം കൂത്തമ്പലത്തിന് പുറത്ത് അരങ്ങേറിയിരുന്നു. 2011-ലാണ് കൂത്തമ്പലം അഗ്‌നിക്കിരയായത്. തുടര്‍ന്നുള്ള നവീകരണത്തിന് ശേഷമാണ് വീണ്ടും നാടകം അരങ്ങേറുന്നത്.