തിരുവനന്തപുരം: നടനും, സംവിധായകനും, ചലച്ചിത്ര നിര്‍മാതാവുമായ പൃഥ്വരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ച് വിശദീകരണം ഐ.ടി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 29നുള്ളില്‍ വിശദീകരണം നല്‍കണം. കഴിഞ്ഞ മാസം പകുതിയോടെ പൃഥ്വിരാജിന് നോട്ടീസ് നല്‍കിയിരുന്നതായി ഐ.ടി വകുപ്പ് അറിയിച്ചു.
എമ്പുരാനുമായി ബന്ധപ്പെട്ടല്ല നോട്ടീസെന്ന് ഐ.ടി വകുപ്പ് വ്യക്തമാക്കി. 2022- ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഗോള്‍ഡ്, കടുവ, ജനഗണമന തുടങ്ങിയ ചിത്രങ്ങളുടെ വരുമാനവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തി വരികയാണ്. സഹനിര്‍മാതാവ് എന്ന നിലയില്‍ പൃഥ്വിരാജ് 40 കോടി കൈപ്പറ്റിയിരുന്നു. ഗോള്‍ഡ് എന്ന സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് താന്‍ അഭിനയിച്ചതെന്ന് പൃഥ്വരാജ് പറഞ്ഞിരുന്നു. ആദായ നികുതി റിട്ടേണായി അടയ്ക്കുന്ന പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അന്ന് ഐ.ടി വകുപ്പ് റെയ്ഡ് നടത്തിരുന്നു. നോട്ടീസ് സ്വാഭാവിക നടപടി മാത്രമെന്ന് ഐ.ടി വകുപ്പ് അറിയിച്ചു.
കഴിഞ്ഞവര്‍ഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്‌മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.