ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി അറസ്റ്റില്‍. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശപ്രകാരം ബെല്‍ജിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന ചോക്‌സി, ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്ത് താമസിച്ചു വരികയായിരുന്നു.
സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ഥന മാനിച്ചാണ് അറസ്റ്റ് നടന്നത്. മുംബൈ കോടതി മെഹുല്‍ ചോക്‌സിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്. 2018-ലും 2021-ലുമായി മുംബൈ കോടതി രണ്ട് അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. തട്ടിപ്പില്‍ ഇയാളുടെ അനന്തരവന്‍ നീരവ് മോദിയും ഉള്‍പ്പെട്ടിരുന്നു.
സര്‍ക്കാര്‍ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുണ്ടെന്നും ബെല്‍ജിയം ഫെഡറല്‍ പബ്ലിക് സര്‍വീസ് (എഫ്പിഎസ്) വിദേശകാര്യ വക്താവും സോഷ്യല്‍ മീഡിയ, പ്രസ്സ് മേധാവിയുമായ ഡേവിഡ് ജോര്‍ഡന്‍സ് പറഞ്ഞു. ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ബെല്‍ജിയത്തില്‍ താമസം ലഭിക്കുന്നതിന് ചോക്സി തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ രേഖകള്‍ നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പിഎന്‍ബി തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ അധികൃതര്‍ ചോക്സിയും അനന്തരവന്‍ നിരവ് മോദിയും അന്വേഷണം നടത്തിവരികയായിരുന്നു. 2022-ല്‍, 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോക്സിക്കും ഭാര്യ പ്രീതി ചോക്സിക്കും മറ്റുള്ളവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നീരവ് മോദി നിലവില്‍ ലണ്ടനിലെ ജയിലിലാണ്. ഇയാളെ ഇന്ത്യക്ക് കൈമാറണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.