തൃശൂര്‍: ഇനി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കില്ലെന്നും ആവശ്യങ്ങള്‍ നേടിയെടുക്കും വരെ നിരാഹാരസമരം നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് കെ.കെ.തോമസ് അറിയിച്ചു. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിന് ബോധ്യപ്പെടാന്‍ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നടയില്‍ തന്നെ സമരം നടത്തണം. വിട്ടുവീഴ്ചകള്‍ക്ക് ഇനി തയ്യാറല്ല. വിജയം വരെ സമരം ചെയ്യും. ഇതൊരു ജീവന്മരണ പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജീവന്‍ പണയം വെച്ചുള്ള ഈ സത്യാഗ്രഹസമരം കേവലം അലങ്കാരത്തിനോ, മാധ്യമവാര്‍ത്തകള്‍ക്കോ വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ പ്രതികൂല നയങ്ങളാണ് ബസ് വ്യവസായത്തെ തകര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു. ബസ് വ്യവസായം നിലനിര്‍ത്താന്‍ വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടി വന്നാലും പ്രശ്‌നമില്ലെന്നും മഴയും വെയിലും കൂസാതെ നിരാഹാരസമരം വിജയം കാണും വരെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ജനങ്ങളെ കഷ്ടപ്പെടുത്തുന്ന ബസ് പണിമുടക്കിനില്ലെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രഡിഡണ്ട് കെ.കെ.തോമസ് അനിശ്ചിതകാല നിരാഹാരസമരം തുടങ്ങും. തൃശൂര്‍ ശക്തന്‍നഗറില്‍ ചേര്‍ന്ന സംസ്ഥാന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനപ്രകാരമാണ് കെ.കെ.തോമസ് മരണം വരെ നിരാഹാരം സമരം നടത്തുന്നത്.
സാധാരണക്കാരായ ബസ് യാത്രക്കാരെ പെരുവഴിയിലാക്കിയും, ബസ് ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തിക്കൊണ്ടും സമരം ചെയ്യുന്നത് ജനങ്ങള്‍ക്കെതിരാണെന്ന് കണ്‍വെന്‍ഷന്‍ വിലയിരുത്തി. സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ എം.പി .ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് കൂട്ടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുകയാണ് വേണ്ടത്. റോഡ് ട്രാന്‍സ്‌പോര്‍ട്ട് ടാക്‌സില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2023 മെയ് നാലാം തീയതി സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ ബസ് വ്യവസായത്തെ തകര്‍ക്കുന്നതാണ്. നോട്ടിഫിക്കേഷന്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരും. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ കാലോചിതമായി പരിഷ്‌ക്കരിക്കണം.
കടലാസ് ബസ്സുടമാ സംഘടനകളുടെ പണിമുടക്ക് സമരം ബസ് വ്യവസായത്തിന് ഗുണം ചെയ്യില്ല. പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനയ്ക്ക് ബസ്സുടമകളില്‍ അഞ്ച് ശതമാനത്തിന്റെ പിന്തുണപോലുമില്ലെന്നും ഫെഡറേഷന്‍ ഭാരവാഹികളായ കെ.കെ.തോമസ്, ലോറന്‍സ് ബാബു എന്നിവര്‍ അറിയിച്ചു. ജൂണ്‍ 7 മുതല്‍ ഒരു വിഭാഗം ബസ്സുടമകള്‍ പണിമുടക്കുന്നതായി അറിയിച്ചിരുന്നു. പ്രസിഡണ്ട് കെ.കെ.തോമസ് അധ്യക്ഷനായി. എം.എല്‍.എമാരായ പി.ബാലചന്ദ്രന്‍, ടി.ജെ.സനീഷ് കുമാര്‍ ജോസഫ്, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് സുന്ദരന്‍ കുന്നത്തുള്ളി, ബി.എം.എസ് മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് എ.സി.കൃഷ്ണന്‍, എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി കെ.കെ.ഹരിദാസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.