അതിരൂപതയ്ക്ക് പിന്തുണയുമായി ബിജെപി ….. നാടകത്തിനെതിരെ തൃശൂരിൽ പ്രതിഷേധ മാർച്ച് …..
തൃശൂര്‍: പൗരോഹിത്യത്തെയും വിശ്വാസത്തെയും അവഹേളിക്കുന്നുവെന്നാരോപിച്ച് ‘കക്കുകളി’ നാടകത്തിനെതിരെ ശക്തമായ പ്രതിഷേധവും സമരപരിപാടികളുമായി തൃശൂര്‍ അതിരൂപത രംഗത്ത്. നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് നാളെ തൃശൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. കുര്‍ബാനയ്ക്കിടെ ജില്ലയിലെ പള്ളികളില്‍ നാടകത്തിനെതിരെ പ്രതിഷേധക്കുറിപ്പ് വായിച്ചു. നാടകത്തെ വാഴ്ത്തുകയാണ് സാംസ്‌കാരിക വകുപ്പെന്ന് തൃശ്ശൂര്‍ അതിരൂപത ആരോപിച്ചു. . ‘ബ്രഹ്‌മപുരത്തെ മാലിന്യത്തേക്കാള്‍ ഹീനമാണ് ഇടത് സാംസ്‌കാരിക ബോധം’. ഇടത് സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്നും അതിരൂപത.
തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ഹാളില്‍ ചേര്‍ന്ന പ്രതിഷേധ പൊതുയോഗം കെ.സി.ബി.സി. ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി പ്രൊഫ. ഡോ. കെ. എം. ഫ്രാന്‍സീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇടതുപക്ഷ സാംസ്‌കാരിക സംഘടനകള്‍ അവതരിപ്പിക്കുന്ന ‘കക്കുകളി’ എന്ന നാടകം നിരോധിക്കണമെന്ന് ഐക്യകണ്‌ഠേനെ ജില്ലാ കലക്ടറോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു. പ്രസ്തുത നാടകത്തിന്റെ ദൃശ്യാവിഷ്‌ക്കരണം എന്‍.ജി.ഒ യൂണിയന്റെ വെബ്്‌സൈറ്റില്‍ നിന്നും നീക്കം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ 100 വര്‍ഷമായി കേരളത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായും, സ്ത്രീശാക്തീകരണത്തിനായും നിസ്വാര്‍ത്ഥമായി പ്രവൃര്‍ത്തിക്കുന്ന കന്യാസ്ത്രീ മഠങ്ങള്‍ സ്ത്രീ പീഡനത്തിന്റേയും, ചൂഷണത്തിന്റേയും കേന്ദ്രങ്ങളാണെന്ന് പൊതുജനമധ്യത്തില്‍ പ്രചരിപ്പിക്കുന്ന ‘കക്കുകളി ‘ നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡോ. കെ. എം. ഫ്രാന്‍സിസ് അഭിയായപ്പെട്ടു.
യോഗത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഫാ. ഡേവീസ് പുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. മാര്‍ച്ച് 13 ന് നടക്കുന്ന കളക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കണമെന്ന് വികാരിയച്ചനും സഹവികാരിമാരായ ഫാ. സെബി വെളിയന്‍, ഫാ. ജിയോ വേലൂക്കാരന്‍ , നിര്‍മ്മലമാതാ കോണ്‍വെന്റിലെ സിസ്റ്റര്‍ ജില്‍സി ജോണ്‍ എസ്.എ.ബി.എസ്, കൈക്കാരന്‍ സേവ്യര്‍ ചേലപ്പാടന്‍ എന്നിവരും പ്രസംഗിച്ചു. മാനേജിങ്ങ് ട്രസ്റ്റി ബാബു കവലക്കാട്ട് സ്വാഗതവും ഫ്രാന്‍സീസ് മാളിയേക്കല്‍ നന്ദിയും പറഞ്ഞു. കക്കുകളി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് നാടകമാണെന്നും വിശ്വാസങ്ങളെ ചവിട്ടി മെതിക്കുന്നവര്‍ പരാജയപ്പെടുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. ക്രിസ്തീയ വിശ്വാസികള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. വിശ്വാസങ്ങളെ ചവിട്ടി മെതിക്കുന്നവര്‍ പരാജയപ്പെടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.