ഡൽഹി: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.
ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലക്നോ, തിരുവനന്തപുരം എന്നിവിടങ്ങിലെ ഷോപ്പിംഗ് മാൾ ഈ വർഷാവസാനത്തോടെ പ്രവർത്തന സജ്ജമാകും. ഇതുൾപ്പെടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഈ മേഖലയിൽ നടത്തിയത്. കൂടുതൽ ആളുകൾക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു.
രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാവിഷയത്തിലും ഇന്ത്യയിലെ ഭക്ഷ്യോൽപ്പന്നങ്ങളുടെ ആഗോള വ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പ്രചാരം ലഭിക്കുന്നതോടൊപ്പം കർഷകർക്ക് തങ്ങളുടെ വിളകൾക്ക് മികച്ച വിലയാണ് ലഭിക്കുന്നത്. ഇക്കാര്യം ഉറപ്പാക്കുന്നത് കർഷകരിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും പ്രധാനമന്ത്രി നേർന്നു.
പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
Photo Credit: Twitter