മധുര: കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി സി.പി.എം ജനറല്‍ സെക്രട്ടറിയാകും. ജനറല്‍ സെക്രട്ടറിയ്ക്കാനുള്ള ശിപാര്‍ശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നല്‍കിയത്. പ്രകാശ് കാരാട്ടാണ് ജനറല്‍ സെക്രട്ടറിയായി എം എ ബേബിയുടെ പേര് നിലവിലുള്ള കേന്ദ്ര കമ്മിറ്റിയില്‍ നിര്‍ദേശിച്ചത്. ഇഎംഎസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളിയാണ് എം.എ ബേബി. പാര്‍ട്ടിക്കുള്ളില്‍ പ്രായോഗികവാദിയായ കമ്യൂണിസ്റ്റായാണ് എം എ ബേബി അറിയപ്പെടുന്നത്.
കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തിയ ബേബി എസ് എഫ് ഐ, ഡി വൈ എഫ് ഐ എന്നീ സംഘടനകളില്‍ സജീവമായിരുന്നു. 1975-ല്‍ എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റായ ബേബി 1979-ല്‍ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായി. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചു. 1986-ല്‍ 32-ാം വയസ്സില്‍ രാജ്യസഭാംഗമായ ബേബി 1992-1998 കാലയളവിലും രാജ്യസഭാംഗമായിരുന്നു. 1987-ല്‍ ഡി വൈ എഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി. 1989-ല്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗവും 1992-ല്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായി. 2002-ല്‍ സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായ എം എ ബേബി 2006-ലും 2011-ലും കുണ്ടറയില്‍ നിന്നും നിയമസഭാംഗമായി. 2006- 2011 എം എ ബേബി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി