Watch Video
തൃശൂര്‍: കണ്ടാണശ്ശേരി (ഗുരുവായൂര്‍) പോലീസ് സ്റ്റേഷനില്‍ അതിക്രമം നടത്തി പോലീസുകാരനെ ചവിട്ടിവീഴ്ത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കൂനംമൂച്ചി സ്വദേശി വിന്‍സെന്റ് (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഒരാളെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന്് ഇന്ന് പോലീസ് സ്‌റ്റേഷനിലെത്താന്‍ വിന്‍സെന്റിനോട് ആവശ്യപ്പെടുകയായിരുന്നു.
കാറില്‍ അമേരിക്കന്‍ ബുള്ളി എന്ന നായയുമായാണ് വിന്‍സെന്റ് എത്തിയത്. സ്റ്റേഷനില്‍ എത്തിയ ഇയാള്‍ സ്റ്റേഷന്റെ ഗേറ്റില്‍ വാഹനമിടിപ്പിക്കുകയും, ശക്തിയായി ചവിട്ടുകയും, പ്രകോപനപരമായി പെരുമാറുകയും ചെയ്തതായി പോലീസ് പറയുന്നു. പ്രകോപനത്തിനിടെ പോലീസുകാരനെ ഇയാള്‍ ചവിട്ടിവീഴ്ത്തിയതായും പോലീസ് അറിയിച്ചു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയിനും, പൊതുമുതല്‍ നശിപ്പിച്ചതിനും, അക്രമം കാട്ടിയതിനും വിന്‍സെന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.