കിഴക്കേ കോടാലിയെ കൊലപാതകം: വീട്ടില്‍ നിന്ന് 2 ലക്ഷം രൂപ കണ്ടെത്തി,
മകനായ പ്രതി വിഷ്ണുവിന്റെ കൈവിരലില്‍ ‘അമ്മ’യെന്ന പച്ചകുത്തി, അമ്മയോടെ പകയുണ്ടായത് ബാങ്ക് നിക്ഷേപം പിന്‍വലിച്ചതിനാല്‍
തൃശ്ശൂര്‍: കിഴക്കേ കോടാലിയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയതിന് കാരണം പണത്തെക്കുറിച്ചുള്ള തര്‍ക്കമെന്ന് പോലീസ്. കിഴക്കേ കോടാലി കൊള്ളിക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന ഉപ്പുഴി വീട്ടില്‍ ശോഭന (54) ആണ് കൊല്ലപ്പെട്ടത്.
24 വയസ്സുകാരനായ മകന്‍ വിഷ്ണു അമ്മയെ കഴുത്തുഞെരിച്ചും, ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
ഇന്ന്് രാവിലെ ഫൊറന്‍സിക് സംഘം കിഴക്കേകോടാലിയിലെ ശോഭനയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തി. പോലീസ് നടത്തിയ പരിശോധനയില്‍ 2 ലക്ഷം രൂപയുടെ നോട്ടുകെട്ട് കണ്ടെത്തി. മകന്‍ വിഷ്ണുവിന്റെ പേരിലുള്ള നിക്ഷേപം ശോഭന പിന്‍വലിച്ചതാണ് കൊലയ്ക്ക് കാരണമായത്.
2 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്ന് പിന്‍വലിച്ചത് ഈ പണമാണ് ഇന്ന്് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. പ്രതി വിഷ്ണു കൈവിരലില്‍ ‘അമ്മ’യെന്ന് പച്ചകുത്തിയിരുന്നു. സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന അമ്മയോട് വിഷ്ണുവിന് എതിര്‍പ്പു തുടങ്ങിയത് വീട് വിറ്റതിന് ശേഷമെന്ന് പോലീസ് പറയുന്നു.
താളൂപ്പാടത്തെ 11 സെന്റ് ഭൂമിയും വീടും വിറ്റത് 8 ലക്ഷത്തിനായിരുന്നു. രണ്ടര ലക്ഷം രൂപ വിഷ്ണുവിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു ഈ തുക ശോഭന ഇന്നലെ സ്വന്തം പേരിലേക്ക് മാറ്റിയതാണ് വിഷ്ണുവിനെ പ്രകോപിപ്പിച്ചത്. ഇത് ചോദ്യം ചെയ്ത് വീട്ടില്‍ തര്‍ക്കമുണ്ടായി അമ്മ പണം ധൂര്‍ത്തടിക്കും എന്ന് പറഞ്ഞായിരുന്നു തര്‍ക്കം നടന്നത്. വിഷ്ണു കഴുത്ത് ഞെരിച്ചതോടെ ശോഭ ബോധരഹിതയായി വീണു ഇതിന് ശേഷം മരണം ഉറപ്പുവരുത്താന്‍ തലയില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടടിക്കുകയായിരുന്നു. വിഷ്ണു ലഹരിക്ക് അടിമയെന്നും പൊലീസ് പറഞ്ഞു.
വിഷ്ണു ടോറസ് ലോറി ഡ്രൈവറാണ്. വീട്ടില്‍ നിന്ന് ജോലിക്ക് പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാകും വരിക. മകനും അമ്മയും തമ്മില്‍ എപ്പോഴും നല്ല സ്‌നേഹത്തിലായിരുന്നു എന്ന് hi അച്ഛന്‍ ചാത്തൂട്ടിയും,സഹോദരി മാലതിയും പറയുന്നു. വലിയ പ്രശ്‌നങ്ങള്‍ മകനും അമ്മയും തമ്മില്‍ ഉണ്ടായിരുന്നില്ല. വാടക വീടിനടുത്തുള്ള അയല്‍ക്കാരും വീട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി പറയുന്നില്ല. താളൂപ്പാടത്തുള്ള വീടുവിറ്റ് കുടുംബം ഒരു മാസമായി കിഴക്കേകോടാലിയിലെ വാടകവീട്ടിലാണ് താമസം.
ഇന്നലെ കൊലപാതകം നടന്ന സമയത്ത് വീട്ടില്‍ ബഹളമോ ഉച്ചത്തില്‍ സംസാരിക്കുന്നതോ കേട്ടിട്ടില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. പിന്നെ പെട്ടെന്നുള്ള പ്രകോപനം എന്താണെന്നാണ് നാട്ടുകാരുടെ ചോദ്യം. ചാലക്കുടി ഡിവൈ.എസ്.പി. സി ആര്‍ സന്തോഷ്, കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്തെത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ.്പിയും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ വൈകിട്ട് 4 മണിയോടെ കൊല നടത്തിയ ശേഷം മകന്‍ വിഷ്ണു വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
ഏറെ നേരം പൊലീസിനോട് ഒന്നും പറയാതെ ഇരിക്കുകയായിരുന്നു വിഷ്ണു. ഷര്‍ട്ടിലെ ചോരക്കറ കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാരണം പറയുന്നത്. സംഭവം സത്യമാണോ എന്നറിയാന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോള്‍ മാത്രമാണ് നാട്ടുകാരും, അയല്‍ക്കാരും കൊലപാതക വിവരം അറിയുന്നത്.
രാവിലെ എട്ടുമണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിക്കും.