കൊച്ചി: കൊല്ലം കല്ലുവാതുക്കലിലെ വ്യാജ വാറ്റ് കേന്ദ്രത്തിൽ 2000 ഒക്ടോബറിൽ 31 പേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്ത കേസിലെ പ്രധാന പ്രതിയായ മണിച്ചൻ എന്ന ചന്ദ്രൻ വൈകാതെ ജയിൽ മോചിതനാകും. 22 വർഷത്തെ ജയിൽവാസത്തിനുശേഷമാണ് മണിച്ചന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നുത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി നല്ല നടപ്പുള്ള തടവുകാരെ വിട്ടയക്കുന്നതിന്റെ ഭാഗമായാണ് മറ്റ് 32 തടവുകാർക്കൊപ്പം മണിച്ചനെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്.
ആദ്യം സംശയങ്ങൾ രേഖപ്പെടുത്തി ഫയൽ മടക്കിയയച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഉച്ചയ്ക്ക് ഫയലിൽ ഒപ്പിട്ടു. കല്ലുവാതുക്കലിലെ വ്യാജ മദ്യ വിതരണ കേന്ദ്രം നടത്തിപ്പുകാരിയായ ഒന്നാം പ്രതി ഹൈറുന്നിസ 2009 അസുഖബാധിതയായി ജയിൽവാസം അനുഭവിക്കവെ മരണപ്പെട്ടിരുന്നു. മണിച്ചൻ മോചനത്തിനായി ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം ചോദിക്കുകയും ഉണ്ടായി.
2000 ഇ. കെ നായനാർ മുഖ്യമന്ത്രി ആയിരിക്കുകയാണ് മദ്യ ദുരന്തം ഉണ്ടാവുന്നത്. ഹൈറുനിസയും മണിച്ചനും സിപിഎമ്മിനും 2000 ആരംഭിച്ച കൈരളി ചാനലിനും വലിയതോതിൽ സംഭാവന കൊടുത്തതായി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ആശുപത്രിയിൽ പൊടിയരി കഞ്ഞി വിതരണക്കാരനായ ജീവിതം ആരംഭിച്ച മണിച്ചൻ പിന്നീട് കള്ള വാറ്റിലേക്ക് തിരിയുകയും ആൻറണി സർക്കാരിൻറെ 1996 ലെ ചാരായ നിരോധനത്തിന് ശേഷം എക്സൈസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും സ്വാധീനിച്ച തൻറെ കള്ളവാറ്റ് സാമ്രാജ്യം വിപുലപ്പെടുത്തുകയായിരുന്നു.
കല്ലുവാതുക്കൽ വിറ്റത് മണിച്ചൻ വിതരണം ചെയ്തത് കള്ള് വാറ്റ് ചാരായമായിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മണിച്ചൻറെ വീട്ടിൽ നിന്ന് ജെ സി ബി ഉപയോഗിച്ച് ടാങ്കുകളിൽ സ്ഥാപിച്ചിരുന്ന 40,000 ലിറ്റർ സ്പിരിറ്റ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. മണിച്ചൻ പടി കൊടുത്തിരുന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേരടങ്ങുന്ന പുസ്തകവും കണ്ടെത്തി.
20 ലക്ഷം രൂപ നഷ്ടപരിഹാരം അടച്ചാൽ മാത്രമേ മണിച്ചന് മോചനം സാധ്യമാവുകയുള്ളൂ എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വൃത്തങ്ങൾ പറഞ്ഞു. മദ്യ ദുരന്തത്തിൽ അഞ്ഞൂറോളം പേർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി 6 പേരുടെ കാഴ്ചയും നഷ്ടപ്പെട്ടു. വിലകുറഞ്ഞ ചാരായത്തിൽ അമിത ലാഭം കൊയ്യാൻ നിലവാരം കുറഞ്ഞ സ്പിരിറ്റ് ചേർത്തതാണ് മദ്യ ദുരന്തത്തിലേക്കു നയിച്ചത്.
ജയിൽ ഉപദേശക കമ്മിറ്റിയെ മറികടന്ന് ആഭ്യന്തരവകുപ്പിലെ യും നിയമ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക കമ്മിറ്റി രൂപീകരിച്ചാണ് പല ശാരീരിക അവശതകളും നേരിടുന്ന മണിച്ചന്റെ മോചനത്തിനായ് സർക്കാർ ഇപ്പോൾ വഴി ഒരുക്കിയത്. ആദ്യം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച മണിച്ചൻ ഇപ്പോൾ തലസ്ഥാനത്തെ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്. അവിടത്തെ തടവുകാരുടെ സൂപ്പർവൈസറാണ് ഇപ്പോൾ ജയിൽവാസികളുടെ ആശാനായ മണിച്ചൻ.