കോതമംഗലം: കുട്ടമ്പുഴയില്‍ വനത്തിനുള്ളില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കൊടുംകാട്ടില്‍ ആറ് കിലോമിറ്റര്‍ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. പാറുക്കുട്ടി, മായ, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേയാന്‍ വിട്ട പശുക്കളെ അന്വേഷിച്ച് മൂവരും വനത്തിലേക്ക് പോയത്. തിരച്ചിലിനിടെ ഇവര്‍ വഴി തെറ്റി കാട്ടില്‍ കുടുങ്ങുകയായിരുന്നു. നാലുമണി വരെ ഇവര്‍ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയത്.
ആനയെ കണ്ട് ഭയന്നാണ് വനത്തിനുള്ളില്‍ വഴിതെറ്റിയതെന്ന് കാട്ടില്‍ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയ സ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ചുറ്റിലും കൂരിടുട്ടായിരുന്നു. രാത്രി 2 മണിവരെ ചുറ്റിലും ആനയുണ്ടായിരുന്നുവെന്നും അവര്‍ അറിയിച്ചു.
അന്വേഷണസംഘം ഇരുട്ടു വീണതോടെ രാത്രി തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. നേരം വെളുത്തതോടെ തെരച്ചിലിന് കൂടുതല്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു. വനം വകുപ്പ് ജീവനക്കാര്‍, ഫയര്‍ ഫോഴ്സ്, നാട്ടുകാര്‍, വനം വാച്ചര്‍മാര്‍ എന്നിവരാണ് തെരച്ചില്‍ സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായതായി സ്ഥിരീകരിക്കുന്നത്. കാണാതായ മായയുമായി നാല് മണിയോടെ ഭര്‍ത്താവ് ഫോണില്‍ സംസാരിച്ചിരുന്നു. ബാറ്ററി തീരും, മെബൈല്‍ ഫോണ്‍ ഓഫാകുമെന്നും മായ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാല്‍ സ്ഥലം മാറിപ്പോകാന്‍ സാധ്യതയുണ്ടെന്നും ഒരു പാറയും ചെക്ക് ഡാമും കണ്ടു എന്ന മാത്രമാണ് ലഭിച്ച വിവരമെന്നും പഞ്ചായത്തംഗം പറഞ്ഞു. .