തൃശൂര്‍: അയോധ്യയില്‍ 22ന് നടത്തുന്ന പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ സവിശേഷ പ്രധാന്യമുള്ള മീനൂട്ട് വഴിപാടും മോദി നടത്തി. ശ്രീരാമചന്ദ്ര ഭഗവാന്‍ മത്സ്യത്തിന്റെ രൂപത്തില്‍ ഭക്തര്‍ നല്‍കുന്ന അന്നം ഭക്ഷിക്കാന്‍ ഇവിടെ എത്തുമെന്നാണ് ഐതിഹ്യം. വിശ്വാസമനുസരിച്ച് മീനൂട്ട് ഭഗവത്പ്രീതിക്കും, ദുരിതനിവാരണത്തിനും മീനൂട്ട് വഴിപാട് നടത്തുന്നത് ഏറെ ഉത്തമമാണ്. കേരളത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തുന്നത്.
ഗുരുവായൂരില്‍ നിന്ന് ഹെലികോപ്ടറില്‍ വലപ്പാട് ഗവ.സ്‌കൂള്‍ ഹെലിപാഡിലാണ് മോദി ഇറങ്ങിയത്. തുടര്‍ന്ന് റോഡ് മാര്‍ഗം ശ്രീരാമക്ഷേത്രത്തിലെത്തി. വലപ്പാടു മുതല്‍ ക്ഷേത്രനട വരെ പുഷ്പാര്‍ച്ചനകളുമായി ആയിരങ്ങള്‍ മോദിയെ വരവേറ്റു.
ബ്രഹ്‌മസ്വം മഠത്തിലെ വേദവിദ്യാര്‍ത്ഥികള്‍ നടത്തിയ വേദാര്‍ച്ചനയിലും, രാമായണപാരായണത്തിലും മോദി പങ്കെടുത്തു. പത്ത് മണിയോടെയാണ് മോദി തൃപ്രയാറില്‍ എത്തിയത്. ഒരു മണിക്കൂറോളമാണ് മോദി തൃപ്രയാറില്‍ ചിലവിട്ടത്.
ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പടിഞ്ഞാറെ നടയ്ക്കല്‍ പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ ക്ഷണമനുസരിച്ചാണ് മോദി തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിക്കുന്നത്.