കൊച്ചി: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ്് ക്ലാസ് ജുഡീഷ്യല്‍ കോടതി ജാമ്യം നല്‍കിയില്ല. ഈ മാസം 22 വരെ രാഹുല്‍ റിമാന്‍ഡില്‍ കഴിയണം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് രാഹുലിനെ കൊണ്ടു പോകും. ആക്രമണക്കേസില്‍ 24 യൂത്ത് കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍പ് അറസ്റ്റ് ചെയ്തവര്‍ക്കും ജാമ്യം നല്‍കിയിരുന്നില്ല.
അക്രമസമരത്തിന് നേതൃത്വം നല്‍കിയത് രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ രാഹുല്‍ ശ്രമിച്ചില്ല. രാഹുലിന്റെ പ്രേരണയിലാണ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അക്രമസമരം നടത്തുന്ന സമയത്ത് രാഹുല്‍ മുഴുവന്‍ സമയത്തും സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം രാഹുലിനെ വൈകീട്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. നേരത്തെ ഫോര്‍ട്ട് ആശുപത്രിയിലും രാഹുലിന് വൈദ്യപരിശോധന നടത്തിയിരുന്നു. ഇന്ന് വെളുപ്പിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
കരിങ്കൊടി പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. കന്റോണ്‍മെന്റ് എസ്.ഐ ഉള്‍പ്പടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുല്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. മാര്‍ച്ചില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു