തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കാന്‍ തൃശൂരില്‍ കോണ്‍ഗ്രസും, ബി.ജെ.പിയും ചേര്‍ന്ന് സംയുക്തനീക്കം നടത്തുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആരോപിച്ചു. ഇ.ഡിയെ ഉപയോഗിച്ച് സി.പി.എമ്മിനെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ വന്‍ ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധിക്കുമെന്നും തൃശൂരില്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ സമ്മേളന ഉദ്ഘാടന പ്രസംഗത്തില്‍ ഗോവിന്ദന്‍ പറഞ്ഞു.
കരുവന്നൂര്‍ വിഷയത്തില്‍ നടക്കുന്നത് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സംഘടിത നീക്കമാണ്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ ന്യായീകരിക്കുന്നില്ല. തെറ്റു തിരുത്തി തന്നെയാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. പാര്‍ട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുത്. ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ പറഞ്ഞു. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ജാഗ്രതവേണം. കരുവന്നൂരിലേത് ഗുരുതരവീഴ്ചയെന്നും, പ്രശ്‌നത്തെ വേണ്ടരീതിയില്‍ കൈകാര്യംചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന നേതാക്കളില്‍ നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യ മുന്നണി വിശാലമായ സഖ്യത്തില്‍ സി.പി.എം ഉണ്ടാകുമെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്സുമായി ഇപ്പോഴും വേദി പങ്കിടുന്നുണ്ട്. ബിനോയ് വിശ്വത്തിന്റെ നിലപാട് അദ്ദേഹത്തിന്റേത് മാത്രമാണ്. ബാങ്ക് തട്ടിപ്പില്‍ സി.പി.ഐ മാത്രമല്ല പല ബോര്‍ഡ് അംഗങ്ങളും പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്. വിഷയം ഗൗരവമായി പരിശോധിക്കുമെന്നാണ് പാര്‍ട്ടി നിലപാട്. മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് പാര്‍ട്ടി ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഭാഗീയതയില്‍ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പ് ഗോവിന്ദന്‍ യോഗത്തില്‍ നേതാക്കളെ അറിയിച്ചു. സംസ്ഥാനകമ്മിറ്റി യോഗ തീരുമാനങ്ങള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ജില്ലാകമ്മിറ്റിയോഗം ചേരും.