പാലക്കാട്: ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒലവക്കോട് പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോ എംഡിഎംഎയുള്‍പ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിന്‍, വേങ്ങര സ്വദേശി അസറുദ്ദീന്‍, അസറുദ്ദീന്റെ ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ന്‍, ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയും പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലാണ് സംഘം ലഹരിവസ്തുക്കള്‍ കടത്തിയത്.
ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിയിലായവര്‍ സ്ഥിരം ലഹരിക്കടത്തുകാരാണെന്ന് പോലീസ് പറഞ്ഞു. സംഘത്തിന് പിന്നില്‍ വലിയ ലഹരിക്കടത്ത് റാക്കറ്റുണ്ടെന്നും പോലീസ് വ്യക്തമാക്കി.












