കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷ നടപടികളില്‍ പൊലീസിന് ഗുരുതര വീഴ്ച . എ.ഡി.ജി.പി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോര്‍ന്നു. 49 പേജുള്ള റിപ്പോര്‍ട്ടില്‍ വി.വി.ഐ.പി. സുരക്ഷയുടെ സമഗ്രവിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടക്കമുള്ളവയാണ് പുറത്തു പോയിരിക്കുന്നത്.
പ്രധാനമന്ത്രി സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ജില്ലകളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഏതായാലും കാര്യമായ മാറ്റങ്ങള്‍ വരുത്തി പുതിയ സ്‌കീം തയ്യാറാക്കിത്തുടങ്ങി. സംഭവിച്ച വീഴ്ചയില്‍ എ.ഡി.ജി.പി ഇന്റലിജന്‍സ് ടി.കെ വിനോദ് കുമാര്‍ അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രിയ്ക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന്
സൂചിപ്പിച്ച് വധഭീഷണിക്കത്ത്
തിരുവനന്തപുരം: കേരളാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഭീഷണിക്കത്ത്്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച പരാമര്‍ശം.
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നാളെ വൈകിട്ടോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. സുരക്ഷ വിലയിരുത്തിക്കൊണ്ടുള്ള ഇന്റലിജന്‍സ് മേധാവി ടി കെ വിനോദികുമാറിന്റെ റിപ്പോര്‍ട്ടിലാണ് ഭീഷണിയുടെ വിവരങ്ങളും സൂചിപ്പിക്കുന്നത്. ഒരാഴ്ചയ്ക്ക് മുന്‍പ് കെ. സുരേന്ദ്രന് ഭീഷണി സന്ദേശം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് മേല്‍വിലാസത്തിലാണ് ഊമക്കത്ത് വന്നത്. പിന്നീട് കെ.സുരേന്ദ്രന്‍ ഈ കത്ത് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കൈമാറി. ഭീഷണി സന്ദേശം കൂടി വന്ന സാഹചര്യം കൂടി കണക്കിലെടുത്ത് വേണം കേരളത്തില്‍ പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാനെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുശേഷം പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ പ്രത്യേകമായി ശ്രദ്ധിച്ച് ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നു.
പൊലീസിനെതിരെ കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കുമെന്ന ഭീഷണിക്കത്തിന് പിന്നാലെ കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്‍. പൊലീസ് തന്നെയാണ് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത് സുരേന്ദ്രന്‍ ആരോപിച്ചു. എന്ത് തന്നെയായാലും പ്രധാന മന്ത്രിയുടെ ഒരു പരിപാടിയും മുടങ്ങില്ലെന്നും റോഡ് ഷോ ഉപേക്ഷിക്കില്ലെന്നും കെ.സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.
പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത് വന്നത് ഒരാഴ്ച മുമ്പാണ്. ഭീഷണിപ്പെടുത്തിയ ആളുടെ പേരും നമ്പറും കത്തില്‍ ഉണ്ട്. ഇത് പൊലീസ് പരിശോധിച്ചിട്ടുണ്ടോ. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് പൊലീസിന്റെ നിലപാട് എന്താണെന്നും സുരേന്ദ്രന്‍ ചോദിച്ചു. നിലവില്‍ രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന രണ്ടു പാര്‍ട്ടികളുടെ പേര് ഇന്റലജന്‍സ് റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇവര്‍ ഇടതു പക്ഷത്തിന്റ ഘടക കക്ഷികള്‍ ആണ്. കേരളത്തില്‍ മത തീവ്രവാദികളും രാജ്യ ദ്രോഹികളും ശക്തമാണ്. പൊലീസ് ഇവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തലേ ദിവസം സുരക്ഷാ ഭീഷണി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്. ഇതിനു പിന്നില്‍ പൊലീസിന്റെ ബുദ്ധിയാണോ അതോ മറ്റ് ആരുടെയെങ്കിലും ബുദ്ധിയാണോ എന്ന് അറിയേണ്ടതുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമെന്ന് ഭീഷണി; അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്ന് ജോസഫ് ജോണ്‍
തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് നേരെ കേരളത്തില്‍ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ച സംഭവത്തില്‍ കത്തില്‍ പേരുള്ള വ്യക്തിയുടെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിക്ക് ഭീഷണി കത്ത് എഴുതിയിട്ടില്ലെന്ന് കത്തില്‍ പേരുള്ള നടുമുറ്റത്തില്‍ ജോസഫ് ജോണ്‍ വെളിപ്പെടുത്തി. പൊലീസുകാര്‍ അന്വേഷിച്ച് എത്തിയിരുന്നു. തന്റെ നിരപരാധിത്വം അറിയിച്ചിട്ടുണ്ട്. മറ്റൊരാള്‍ തന്നെ കുരുക്കാന്‍ ശ്രമിച്ചതാണ്, സംശയമുള്ള ആളുടെ കൈയക്ഷരവും ഈ കൈയക്ഷരവും സാമ്യമുണ്ടെന്നും ജോസഫ് പറഞ്ഞു.
പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് ഈ മാസം പതിനേഴിന് കത്ത് വന്നത്.