തൃശൂര്‍: പൊള്ളുന്ന ചൂടിലും കണ്ണുംനട്ട് കാത്തിരുന്ന ആയിരങ്ങളുടെ ഹര്‍ഷാരവങ്ങള്‍ക്കിടെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുരവാതില്‍ നിന്ന്്് പുറത്തേക്ക് എഴുന്നള്ളി. വടക്കുന്നാഥനെ വണങ്ങി അടിയന്തിരമാരാര്‍ ശംഖനാദം മുഴക്കിയതോടെ ആചാരപ്പെരുമയുടെ നിറവില്‍ തൃശൂര്‍ പുരം വിളംബരമായി. നാളെ വെളുപ്പിന് കണിമംഗലം ശാസ്്താവിന്റെ തിടമ്പേറ്റിയ കൊമ്പന്‍ തെക്കേഗോപുരത്തിലൂടെ വടക്കുന്നാഥക്ഷേത്രത്തിലെത്തുന്നതോടെയാണ് തൃശൂര്‍ പുരത്തിന്റെ ചടങ്ങുകള്‍ തുടങ്ങുക.
രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മയുടെ കൊമ്പന്‍ എറണാകുളം ശിവകുമാര്‍ കുറ്റൂരില്‍ നിന്ന് ഷൊര്‍ണൂര്‍ റോഡ് വഴി വടക്കുന്നാഥനിലേക്ക് എഴുന്നള്ളിയത്.
പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് എഴുന്നള്ളിയ നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തി. അവിടെ നിന്നും കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ പടിഞ്ഞാറെഗോപുരത്തിലൂടെ വടക്കുന്നാഥക്ഷേത്രത്തിലെത്തി. തുടര്‍ന്ന് വടക്കുന്നാഥനെ വലംവെച്ച ശേഷമാണ് കൊമ്പന്‍ എറണാകളും ശിവകുമാര്‍ തെക്കേഗോപുരവാതില്‍ തുറന്നിട്ടത്.