തൃശൂര്‍: നാട്ടാനപരിപാലന നിയമം കര്‍ശനമാക്കിയതോടെ തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയില്‍. ആനകളുടെ എഴുന്നള്ളിപ്പില്‍ അപ്രതീക്ഷിതമായാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ആറാട്ടുപുഴ പൂരത്തിനടക്കം ആനകള്‍ ഇടഞ്ഞോടിയതാണ് ഹൈക്കോടതിയുടെ ഇടപെടലിന് കാരണമാക്കിയത്.
ആനയെഴുന്നള്ളിപ്പിനുള്ള അപ്രായോഗിക നിയന്ത്രണങ്ങള്‍ തൃശൂര്‍ പുരം നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കും. ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിപ്പിക്കറ്റ് ഹാജരാക്കാനുള്ള തീരുമാനത്തില്‍ ആനഉടമകള്‍ പ്രതിഷേധം അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരത്തെ തകര്‍ക്കാനാണെന്നാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ ആരോപണം.
തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവന്‍ ആനകളുടെയും പട്ടികയും, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഈ മാസം പതിനാറാം തീയതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദേശിച്ച കോടതി ആരോഗ്യ പ്രശ്‌നങ്ങളും, മദപ്പാടുമുള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കണോ എന്ന കാര്യത്തില്‍ ഈ 17ന് കോടതി തീരുമാനം എടുക്കും.
ആനകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, താളമേളം, പടക്കം എന്നിവയില്ലെന്ന് ഉറപ്പുവരുത്തണമെന്ന്് നിര്‍ദേശിച്ച്്് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സര്‍ക്കുലര്‍ ഇറക്കി. ആനകളുടെ മൂന്നുമീറ്റര്‍ അകലെ മാത്രമേ ആളുകള്‍ നില്‍ക്കാവൂ, ആനകള്‍ക്കു ചുറ്റും പോലീസും ഉത്സവ വൊളന്റിയര്‍മാരും സുരക്ഷാവലയം തീര്‍ക്കണം തുടങ്ങി ആനയെഴുന്നള്ളിപ്പുകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വേറെയും നിര്‍ദേശങ്ങള്‍ സര്‍ക്കുലറിലുണ്ട്.