തൃശൂര്‍: റവന്യൂ ജില്ലാ കലോത്സവ വേദിയായ ഗവ.മോഡല്‍ ഗേള്‍സ് സ്‌കൂളില്‍
പാട്ടു പാടിയും, പടം വരച്ചും കലാധ്യാപകരുടെയും കലാവിദ്യാര്‍ത്ഥികളുടെയും പ്രതിഷേധ സമരം അരങ്ങേറി. സ്‌പെഷലിസ്റ്റ് അധ്യാപക സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളിന്റെ കിഴക്കേ ഗേറ്റിന്റെ സമീപത്തായിരുന്നു പ്രതിഷേധ ധര്‍ണ. കലോത്സവം കാണാനെത്തിയവര്‍ക്ക് ചിത്രങ്ങള്‍ വരച്ചും പാട്ടുകള്‍ ആലപിച്ചുമുള്ള സമരം പുതുമയായി.
കവിയും ചലച്ചിത്രഗാന രചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കലാ വിദ്യാര്‍ത്ഥിയായ ദയ നമ്പിയത്ത് അധ്യക്ഷത വഹിച്ചു. സ്‌പെഷലിസ്റ്റ് അധ്യാപക സംഘടനാ ജില്ലാ പ്രസിഡണ്ട് ജോണ്‍സണ്‍ നമ്പഴിക്കാട്, സ്‌പെഷലിസ്റ്റ് അധ്യാപക സംഘടനാ മുന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ.ജെയിംസ് ചിറ്റിലപ്പിള്ളി, സ്‌പെഷലിസ്റ്റ് അധ്യാപക സംഘടനാ ജില്ലാ സെക്രട്ടറി അജിത.വി, സിനിമാ സംവിധായകന്‍ രഞ്ജിത് ചിറ്റാടെ എന്നിവര്‍ പ്രസംഗിച്ചു.
ചിത്രകല, സംഗീതം എന്നിവയില്‍ പ്രവര്‍ത്തി പരിചയ അധ്യാപകരെ മാനദണ്ഡങ്ങള്‍ ഇല്ലാതെ എല്ലാ വിദ്യാലയങ്ങളിലും നിയമിക്കുക, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കല പഠിക്കാനുള്ള അവസരം ഉണ്ടാക്കുക, അവഗണന അവസാനിപ്പിക്കുക, കലാധ്യാപകരെ മാതൃവിദ്യാലയങ്ങളില്‍ നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികള്‍ കുറവുള്ള വിദ്യാലയങ്ങളിലും കലാധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ ധര്‍ണ നടത്തിയത്.