തൃശ്ശൂര്‍: ശക്തന്‍ ബസ്റ്റാന്‍ഡില്‍ ദുര്‍ഗന്ധം പരത്തി വന്‍ മാലിന്യമല.
2 വര്‍ഷക്കാലമായി കുമിഞ്ഞു കൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ശക്തനിലെ മാലിന്യ സംഭരണ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തി.
പ്രതിപക്ഷ നേതാവ് രാജന്‍ ജെ.പല്ലന്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു.
ശക്തനിലെ മാലിന്യം നീക്കം നിലച്ചാല്‍ നഗരം മഹാരോഗത്തിന്റെ പിടിയിലാകുമെന്നും, മാലിന്യമല നീക്കം ചെയ്യാത്ത മേയറും, എല്‍.ഡി.എഫ് ഭരണസമിതിയും, നഗരത്തിന് അപമാനമാണെന്നും, ലക്ഷക്കണക്കിന് ജനങ്ങള്‍ വരുന്ന നഗരത്തില്‍ നിന്ന് മാലിന്യം നീക്കം ചെയ്യാത്ത മേയറും, എല്‍.ഡി.എഫ് നേതൃത്വവും രാജിവച്ചു പുറത്തു പോകണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ബ്രഹ്‌മപുരത്ത് മാലിന്യം തീ പിടിച്ചതുപോലെ ശക്തനിലെ 2,000 ടണ്‍ മാലിന്യത്തിന് തീപിടിച്ചാല്‍ തൃശ്ശൂര്‍ പട്ടണത്തിലെ ജനങ്ങളുടെ സ്ഥിതി ഗുരുതര ആരോഗ്യപ്രശ്‌നം ഉണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് മുന്നറിപ്പ് നല്‍കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 200 കോടി രൂപ മാലിന്യ സംസ്‌കരണ രംഗത്ത് കോര്‍പ്പറേഷന്‍ ചെലവാക്കിയതായി ബഡ്ജറ്റ് രേഖകളില്‍ പറയുന്നു. ആയത് എന്ത് പ്രവര്‍ത്തിയാണ് ചെയ്തതെന്ന് എല്‍.ഡി.എഫ് ജില്ലാ നേതൃത്വം അന്വേഷിക്കണമെന്നും, ഈ വിഷയത്തിലെ അഴിമതി വിജിലന്‍സ് അന്വേഷണം നടത്താന്‍ ധൈര്യമുണ്ടോയെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശക്തനിലേയും, ലാലൂരിലെയും, ആയിരക്കണക്കിന് ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജോസ് വള്ളൂര്‍ അറിയിച്ചു.
ലാലൂരിലും ആയിരക്കണക്കിന് ടണ്‍ മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്നും, മാലിന്യ സംസ്‌കരണ പദ്ധതികളും, ഇന്‍സുലേറ്ററും, പൂര്‍ണമായി തകര്‍ത്തു തരിപ്പണമാക്കിയെന്നും പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ കുറ്റപ്പെടുത്തി.
ലാലൂരിലെ ടണ്‍ കണക്കിന് മാലിന്യത്തിന് തീപിടിക്കുമെന്ന അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുന്‍ മേയര്‍ ഐ.പി.പോള്‍, കെ.പി.സി.സി.സെക്രട്ടറിമാരായ ജോണ്‍ ഡാനിയേല്‍, അഡ്വ. ഷാജി കോടന്‍ങ്കണ്ടത്ത്, ബ്ലോക്ക് പ്രസിഡന്റ് കെ.ഗിരീഷ്‌കുമാര്‍, ഡി.സി.സി.സെക്രട്ടറിമാരായ ഫ്രാന്‍സീസ് ചാലിശ്ശേരി, സി.ഡി.ആന്റസ്, പ്രതിപക്ഷ ഉപനേതാവ് ഇ.വി.സുനില്‍രാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലാലി ജെയിംസ്, പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി കെ.രാമനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
പാര്‍ലിമെന്ററി വിപ്പ് ജയപ്രകാശ് പൂവ്വത്തിങ്കല്‍, ജോ. സെക്രട്ടറി മുകേഷ് കൂളപറമ്പില്‍, കൗണ്‍സിലര്‍മാരായ സിന്ധു ആന്റോ, ലീല ടീച്ചര്‍, ഏ.കെ. സുരേഷ്, സനോജ് പോള്‍, വിനേഷ് തയ്യില്‍, സുനിത വിനു, റെജി ജോയ്, നിമ്മിറപ്പായി, മേഴ്‌സി അജി, അഡ്വ.വില്ലി, രന്യബൈജു, മേഫി ഡെല്‍സണ്‍ എന്നിവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.