തൃശൂർ : സിസിടിവി സീനിയര്‍ ക്യാമറമാനായിരുന്ന ഗിസ്‌റ്റോ ജോസിന്റെ അനുസ്മരണാര്‍ത്ഥം സിസിടിവി നല്‍കുന്ന പ്രഥമ ഗിസ്റ്റോ സ്മാരക മാധ്യമ പുരസ്‌കാരം സംസ്ഥാന സർക്കാറിന്റെ അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുള്ള ടിസിവി സീനിയർ ക്യാമറമാന്‍ സിബി പോട്ടോരിന്.
വാഹനമിടിച്ച് പിന്‍കാലുകള്‍ തളര്‍ന്ന തെരുവുനായയ്ക്ക് ചക്രക്കാലുകള്‍ ഒരുക്കി നല്‍കിയ ദൃശ്യങ്ങള്‍ അതീവ ഹൃദ്യമായി പ്രേക്ഷകരിലേക്കെത്തിച്ചതിനാണ് അവാര്‍ഡ്. മിണ്ടാപ്രാണിയുടെ ദൈന്യതയും, അത് മറികടക്കാന്‍ മരപണിക്കാരനായ ആലപ്പാട് സുനില്‍ തയ്യാറാക്കിയ ചക്രക്കാലുകളും , ഇതുപയോഗിച്ചുള്ള സഞ്ചാരവുമെല്ലാം കാഴ്ചക്കാരുടെ കരളലിയിക്കുന്നതാണെന്ന് ജൂറി വിലയിരുത്തി.
സംസ്ഥാന പുരസ്‌ക്കാരജേതാവും, നിരവധി ലഘു സിനിമകളുടയെും, ഡോക്യുമെന്ററികളുടെയും സംവിധായകനുമായ ബാബു നാസര്‍, സംവിധായകനും, അഭിനേതാവും, മാധ്യമപ്രവര്‍ത്തകനുമായ റഷീദ് എരുമപ്പെട്ടി, സിസിടിവി സീനിയര്‍ ക്യാമറമാന്‍ ഹരി ഇല്ലത്ത് എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.
പുരസ്‌ക്കാരജേതാവിന് നാളെ ഉച്ചയ്ക്ക് 2ന് കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കുന്ന പ്രൗഡഭംഗീരമായ സിസിടിവി വിദ്യാഭ്യാസപുരസ്‌കാരചടങ്ങില്‍ 10,001 രൂപയും, ഫലകവും, പ്രശസ്തി പത്രവും നല്‍കി ആദരിക്കും.