മുംബൈ: ബോളിവുഡ് ഇതിഹാസതാരം ധര്‍മ്മേന്ദ്രയുടെ മരണ വാര്‍ത്ത തള്ളി മകളായ ഇഷ ഡിയോള്‍. മാധ്യമങ്ങള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുവെന്നും പിതാവിന്റെ ആരോഗ്യം മെച്ചപെട്ടുവരുന്നുവെന്നും ഇവര്‍ അറിയിച്ചു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം. തെറ്റായ വാര്‍്ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ധര്‍മേന്ദ്രയെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും സണ്ണി ഡിയോളും വ്യക്തമാക്കി. ഇഷയുടെ പോസ്റ്റോടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അനുശോചനം ട്വീറ്റ് പിന്‍വലിച്ചു. ധര്‍മേന്ദ്ര മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്നലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ധര്‍മ്മേന്ദ്രയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തില്‍ 1935 ഡിസംബര്‍ 8നാണ് ധര്‍മേന്ദ്രയുടെ ജനനം. ലുധിയാനയിലെ ഗവണ്മെന്റ് സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. 1952ല്‍ ഫഗ്വാരയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. 1960-ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകള്‍ ബോളിവുഡിന്റെ തലപ്പത്ത് ധര്‍മേന്ദ്ര നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹഖീഖത്ത്, ഫൂല് ഔര്‍ പത്തര്, മേരാ ഗാവ് മേരാ ദേശ്, സീത ഔര്‍ ഗീത, ചുപ്കെ ചുപ്കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തന്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധര്‍മേന്ദ്ര ബിഗ് സ്ക്രീനുകള്‍ ഭരിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളില്‍ ഒരാളായി ധര്‍മ്മേന്ദ്ര മാറി.
















