കൊച്ചി: കേരളത്തില്‍ റെയില്‍വേയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനാണ് തന്റെ തീരുമാനമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ വരുന്ന കാലമാണെന്നും കേരളത്തിലും ബുള്ളറ്റ് ട്രെയിന്‍ വരണംം. എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരതിന്റെ ഫ്‌ളാഗ്് ഓഫിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേഭാരത് എന്ന വിപ്ലവ റെയില്‍ ഓപ്പറേഷന്‍ വന്നപ്പോള്‍ മറ്റു പല ട്രെയിനുകളും വൈകുന്നുവെന്നും സ്റ്റോപ്പുകളുടെ എണ്ണം കൂടിയെന്നും വേഗം കൂടിയെന്നുമൊക്കെ യാത്രക്കാര്‍ക്ക് പരാതിയുണ്ട്. ഇതൊക്കെ ബാലന്‍സ് ചെയ്യണമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യമുന്നയിച്ചു. സൗകര്യം ഒരുക്കാന്‍ റെയിവേ സജ്ജമാണ്. ഈ വര്‍ഷം മാത്രം 3042 കോടിയാണ് കേരളത്തിനുവേണ്ടി മാത്രം നീക്കിവെച്ചത്. പതിനായിരം കോടിയോ അതില്‍ കൂടുതലോ തരാന്‍ റെയില്‍വേ തയ്യാറാണ്. ഭൂമി മാത്രമാണ് ആവശ്യം- സുരേഷ് ഗോപി പറഞ്ഞു.
വന്ദേഭാരതിന്റെയും എക്‌സ്പ്രസ് ട്രെയിനുകളുടേയും വേഗം ഇനിയും വര്‍ധിപ്പിക്കാനാകും. പക്ഷേ, ഇവിടുത്തെ വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. സീറോ കര്‍വ്, അല്ലെങ്കില്‍ ചുരുങ്ങിയത് നോ കര്‍വ്, അല്ലെങ്കില്‍ ഡീപ് കര്‍വ് റെയില്‍ ലൈന്‍ വരുന്നതിനുള്ള സ്ഥലം കണ്ടെത്തിത്തരണം- സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ലൊക്കേഷന്‍ ഓഫ് റെയിവേ സ്റ്റേഷന്‍ എന്നതും പ്രധാനമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊച്ചിയുടെ ജീവിത സാഹചര്യവും ഇവിടുത്തെ ആവാസവ്യവസ്ഥിതിയും മെച്ചപ്പെടണമെങ്കില്‍ പൊന്നുരുന്നിയില്‍ 110-117 ഏക്കറില്‍ കേരളത്തിന്റെ ഏറ്റവും വലിയ ഹബ് വരണം. താന്‍ സ്വപ്നം കാണുന്നത് എംജിആര്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ ചെന്നൈയ്ക്ക് തുല്യമായ ഒരു റെയില്‍വേ സ്റ്റേഷന്‍ ആണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെയില്‍വേ ഇല്ലാത്തതുകൊണ്ട് ജീവിതസൗകര്യങ്ങളില്ലാത്ത അഞ്ച് പട്ടണങ്ങളെങ്കിലും കേരളത്തിലുണ്ടെന്നും അതിന് പ്രതിവിധി കാണണമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലും ബുള്ളറ്റ് ട്രെയിന്‍ വരണം. അതിന് സീറോ കര്‍വ് ഭൂമി ആവശ്യമാണ്. തൃശ്ശൂരിലേക്കുള്ള മെട്രോ അല്ല, കോയമ്പത്തൂര്‍ വരേയുള്ള മെട്രോ ആണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


















