തൃശ്ശൂർ : കോർപ്പറേഷൻ പരിധിയിലെ 250 ഓളം വരുന്ന ഡി.പി.സി അംഗീകാരം ലഭിച്ച വലിയ തോട് ക്ലീനിങ് പ്രവർത്തികൾ ടെൻഡർ നടപടികൾ സ്വീകരിക്കാതെ വലിയ കാലതാമസം ഉണ്ടാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ നടത്തിയ സമരം, നടന്നു കൊണ്ടിരിക്കെ ഡെപ്യൂട്ടി മേയർ ഔദ്യോഗിക വാഹനത്തിൽ കയറി പോകുവാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ്റെ നേതൃത്വത്തിൽ ഔദ്യോഗിക വാഹനം തടഞ്ഞു. കാറിൽ നിന്ന് ഇറങ്ങിയ ഡെപ്യൂട്ടി മേയർ എം.എൽ. റോസി പോലീസിന്റെ സമീപത്ത് ചെന്ന് പ്രതിഷേധിക്കുന്ന കൗൺസിലർമാരെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഡെപ്യൂട്ടി മേയർ വാഹനത്തിൽ കയറി പോകുവാൻ ശ്രമിച്ചുവെങ്കിലും വീണ്ടും തടഞ്ഞ് കോൺഗ്രസ് കൗൺസിലർമാർ മുദ്രാവാക്യം വിളിച്ചു.
പോലീസ് ഇടപെട്ട് കോൺഗ്രസ് കൗൺസിലർമാരെ വാഹനത്തിനു മുന്നിൽ നിന്ന് നീക്കുവാൻ ശ്രമിച്ചുവെങ്കിലും കൗൺസിൽമാർ വഴങ്ങിയില്ല. ഡെപ്യൂട്ടി മേയർ എം.എൽ. റോസി കാറിൽ കയറി വാഹനത്തിൽ ഇരുന്നു. കോൺഗ്രസ് കൗൺസിലർമാർ വാഹനം തടഞ്ഞ് വാഹനം മുൻപിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
തുടർന്ന് പ്രതിഷേധസമരം പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു.
സി.പി.എം ഭരണസമിതിയും, മേയറും തോട് ക്ലീനിങ്ങിൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാതിരുന്നത് താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന 1000 കണക്കിന് കുടുംബാംഗങ്ങളോട് കാണിക്കുന്ന കടുത്ത അനീതിയും, വഞ്ചനയുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജൻ.ജെ.പല്ലൻ പറഞ്ഞു.
250 ഓളം വരുന്ന തോട് ക്ലീനിങ് പദ്ധതികൾ വിഭാവനം ചെയ്തപ്പോൾ ഡി.പി.സി അംഗീകാരം ലഭിച്ചപ്പോൾ അറ്റ വേനൽക്കാലത്ത് തോടുകൾ വറ്റിയിരിക്കുമ്പോൾ ഹിറ്റാച്ചി – ജെ.സി.ബി അടക്കമുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് തോട്ടിലേക്ക് ഇറക്കി മണ്ണും, തടസ്സങ്ങളും നീക്കി തോടുകൾ ആഴം കൂട്ടി തോട്ടിൽ നിന്ന് എടുക്കുന്ന മണ്ണ് സൈഡിലേക്ക് മാറ്റി ലോറിയിൽ കൊണ്ടുപോകുവാനാണ് കോടിക്കണക്കിന് രൂപയുടെ തോടു വൃത്തിയാക്കൽ പദ്ധതിയിലൂടെ നടപ്പാക്കേണ്ടത്.
എന്നാൽ ഇവിടെ മഴപെയ്യുമ്പോൾ പേരിന് എന്തെങ്കിലും ചെയ്ത് കരയിൽ നിന്ന് ഹിറ്റാച്ചി ഉപയോഗിച്ച് പായൽ മാറ്റുന്ന തട്ടിപ്പ് പ്രവർത്തികൾ മാത്രമാണ് മഴ പെയ്ത് വെള്ളം കയറിയാൽ ചെയ്യുവാൻ സാധിക്കുക.
ഇത് ഗുരുതരമായ അഴിമതിയാണ്. കോടിക്കണക്കിന് രൂപയാണ് തോട് ക്ലീനിങ്ങിന്റെ മറവിൽ കോർപ്പറേഷനും നഷ്ടം വരുത്തുന്നത്.
പാർലമെന്റ് ഇലക്ഷൻ വരുമെന്നും, മഴക്കാലം വരുമെന്നും എല്ലാം മുൻകൂട്ടി അറിയാമായിരുന്നിട്ടും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും മുന്നറിയിപ്പ് കത്ത് നൽകിയിട്ടും വലിയ തോടുകളിലെ ക്ലീനിങ് നടത്താതിരുന്നത് അഴിമതിക്ക് കളമൊരുക്കാണെന്നും ഇത് മനപ്പൂർവമായി ഉണ്ടാക്കിയ വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആരോപിച്ചു.
കോൺഗ്രസ് കൗൺസിലർമാരുടെ സമരം ഉണ്ടെന്നറിഞ്ഞിട്ട് മേയറും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും, കോർപ്പറേഷനിൽ വരാതെ മുങ്ങിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഉപനേതാവ് ഇ.വി.സുനിൽരാജ് അദ്ധ്യക്ഷത വഹിച്ചു, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കൽ സ്വാഗതവും,
പാർലിമെൻ്ററി പാർട്ടി സെക്രട്ടറി കെ.രാമനാഥൻ നന്ദിയും പറഞ്ഞു.
നഗരാസൂത്രണ സ്റ്റാൻ്റിംഗ് ശ്യാമള മുരളീധരൻ, കൗൺസിലർമാരായ എൻ.എ. ഗോപകുമാർ, ലീല വർഗീസ്, സിന്ധു ആന്റോ, ശ്രീലാൽ ശ്രീധർ, വിനേഷ് തയ്യിൽ, നിമ്മി റപ്പായി, റെജി ജോയ്, മേഴ്‌സി അജി, എബി വർഗീസ്, രെന്യ ബൈജു എന്നിവർ നേത്യത്വം നൽകി.