തൃശൂര്‍: പീച്ചി ഡാമിലെ റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. തൃശൂര്‍ പട്ടിക്കാട് സ്വദേശിനി എറിന് (16) ആണ് മരിച്ചത്. ഇതോടെ റിസര്‍വോയറില്‍ വീണ മരിച്ചവരുടെ എണ്ണം മൂന്നായി. അലീന രാജന് (16), ആന്‍ഗ്രേസ് (16) എന്നിവര്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ജൂബിലി മിഷന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയില്‍ തുടരുകയാണ്.
സുഹൃത്തിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികളാണ് ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്. പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളെയും നാട്ടുകാര്‍ പെട്ടെന്ന് തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ പട്ടിക്കാട് സ്വദേശി അലീന പുലര്‍ച്ചെയോടെ മരിച്ചു. അപകടത്തില്‍പ്പെട്ട കുട്ടികളെല്ലാം തൃശൂര്‍ സെന്റ് ക്ലയേഴ്സ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികളാണ്. നിമ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും മറ്റ് മൂന്ന് പേര് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുമാണ്.