അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടന്ന ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 18.5 ഓവറില്‍ 111 റണ്‍സില്‍ അവസാനിച്ചു.
മാര്‍ക്കോ ജാന്‍സന്റെയും സ്പിന്‍ മാന്ത്രികന്‍ കേശവ് മഹാരാജിന്റെയും കൃത്യതയാര്‍ന്ന ബൗളിങ്ങും ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ജാന്‍സന്‍ നാലും കേശവ് മൂന്നും വിക്കറ്റുകള്‍ നേടി. 37 പന്തില്‍ 42 റണ്‍സെടുത്ത ശിവം ദുബെയും മൂന്നുവിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പൊരുതിനിന്നത്.
ദക്ഷിണാഫ്രിക്ക നേടിയ 188 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍തന്നെ തിരിച്ചടി നേരിട്ടു. ഇന്നിങ്‌സ് തുറക്കും മുന്നേ ഇഷാന്‍ കിഷനെയും തൊട്ടുപിന്നാലെ തിലക് വര്‍മയെയും ദക്ഷിണാഫ്രിക്ക മടക്കി അയച്ചു. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ അഭിഷേക് ഫോറടിച്ച് തുടങ്ങിയെങ്കിലും 15-ല്‍ പുറത്തായി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 18 റണ്‍സ് മാത്രമെടുത്ത് കോര്‍ബിന്‍ ബോഷിന് വിക്കറ്റ് നല്‍കി. പിറകെ വാഷിങ്ടണ്‍ സുന്ദറും (11) മടങ്ങിയതോടെ അഞ്ചുവിക്കറ്റുകള്‍ നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യ (18), റിങ്കു സിംഗ് (0) എന്നിവര്‍ കേശവ് മഹാരാജിന്റെ പന്തില്‍ പുറത്താവുകകൂടി ചെയ്തതോടെ ഇന്ത്യയുടെ പരാജയം ഉറപ്പായി.

















