തൃശൂര്‍: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാന്‍ ആവശ്യമായ ചട്ടഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് മുന്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കോടതി വിധി നടപ്പിലാക്കിയാല്‍ പൂരങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും ഈ പ്രതിസന്ധി ചെറുതാക്കി കാണരുതെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
ആനയില്ലാതെ പൂരം നടത്താമെന്ന് പറയാമെങ്കിലും തൃശൂര്‍ പൂരം പോലെയുള്ള ലോകപ്രസിദ്ധമായിട്ടുള്ള പൂരങ്ങളുടെ പ്രധാന ആകര്‍ഷണം അലങ്കാരത്തോടെയുള്ള ആനകളുടെ എഴുന്നള്ളത്താണ്. ഇപ്പോഴത്തെ കോടതി വിധി അനുസരിച്ച് തൃശൂര്‍ പൂരത്തിന്റെ പ്രധാനപ്പെട്ട ഒരു ചടങ്ങുകളും ആനയെ എഴുന്നളിച്ച് നടത്താന്‍ സാധിക്കില്ല. ലോകപ്രസിദ്ധമായ, ആറാട്ടുപുഴ പൂരം ഉള്‍പ്പടെയുള്ള പരമ്പരാഗതമായ എല്ലാ ഉത്സവങ്ങളും ഈ ഒറ്റ വിധികൊണ്ട് ആനകളെ എഴുന്നള്ളിച്ച് നടത്താനാവാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്- സുനില്‍കുമാര്‍ പറഞ്ഞു.
ഹൈക്കോടതി വിധി മറികടക്കാന്‍ നാട്ടാന പരിപാലന ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി നടത്താന്‍ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ രണ്ടാനകള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് മീറ്റര്‍ ദൂരമെങ്കിലും വേണമെന്ന കാര്യത്തില്‍ ഇളവനുവദിക്കാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ശ്രീപൂര്‍ണത്രയീശ ക്ഷേത്രോത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കുന്നതില്‍ ഇളവുതേടി ദേവസ്വം നല്‍കിയ ഉപഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.