കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റും എളവള്ളി ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കേന്ദ്ര ഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയായ ഗ്രാമോത്സവത്തിന് എളവള്ളി സാമ്പത്തികോദ്ധാരണ സംഘം ഹാളിൽ തുടക്കമായി.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിയോ ഫോക്സ് അധ്യക്ഷത വഹിച്ചു.
സിബിസി കേരള-ലക്ഷദ്വീപ് മേഖല ഡയറക്ടർ വി. പാർവതി ഐ.ഐ.എസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സെൻട്രൽ ബ്യൂറോ കമ്മ്യൂണിക്കേഷൻ തൃശ്ശൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്, എഫ്.പി.എ അംജിത്ത് ഷേർ, ചടങ്ങിൽ സംസാരിച്ചു.
വിവിധ കേന്ദ്രഗവൺമെൻറ് പദ്ധതികളെക്കുറിച്ച് വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ, കലാപരിപാടികൾ, സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള ഫോട്ടോ പ്രദർശനം, കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു. തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.