പാലക്കാട്: ചുള്ളിമട ജനവാസമേഖലയില്‍ വീണ്ടും കാട്ടാന. ഇന്നലെ രാത്രി പത്തോടെയാണ് പ്രദേശത്ത് ഒറ്റയാനെത്തിയത്. സ്വകാര്യ എന്‍ജിനിയറിംഗ് കോളേജിന്റെ മതില്‍ ആന തകര്‍ത്തു.
നിരവധി വാഴകളും തെങ്ങും ആന നശിപ്പിച്ചു. പ്രദേശവാസികളും വനംവകുപ്പും ചേര്‍ന്ന് പടക്കം പൊട്ടിച്ചാണ് ആനയെ കാടുകയറ്റിയത്.
കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു. ആന ഉള്‍ക്കാട്ടിലേക്ക് പോയിട്ടില്ലെന്നും പ്രദേശത്ത് നിരീക്ഷണം തുടരുന്നതായും വനംവകുപ്പ് അറിയിച്ചു.