തൃശൂര്‍ : വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍തൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്തിപുലം മാട്ടുമല മാക്കോത്ത് രജനി (49)യെയാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. നേരത്തെ, അര്‍ച്ചനയുടെ അച്ഛന്റെ പരാതിയില്‍ ഭര്‍ത്താവ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാരോണിന്റെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
നവംബര്‍ 26 ന് വൈകിട്ട് നാലോടെയാണ് രജനിയുടെ മകന്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20) യെ വീടിനോട് ചേര്‍ന്നുള്ള കനാലില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുമ്പോള്‍ അര്‍ച്ചന അഞ്ച് മാസം ഗര്‍ഭിണി ആയിരുന്നു.
ആറ് മാസം മുന്‍പാണ് ഷാരോണും അര്‍ച്ചനയും തമ്മില്‍ പ്രണയ വിവാഹം നടന്നത്. ഷാരോണ്‍ വീട്ടുകാരുമായി സംസാരിക്കാന്‍ പോലും അര്‍ച്ചനയെ അനുവദിച്ചിരുന്നില്ല. കോളജിനു മുന്നില്‍വെച്ച് ഒരിക്കല്‍ അര്‍ച്ചനയെ മര്‍ദിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഇടപെട്ടാണ് രക്ഷിച്ചത്. വീട്ടില്‍ എന്നും വഴക്ക് പതിവായിരുന്നുവെന്നും അര്‍ച്ചനയുടെ ബന്ധുക്കള്‍ പറഞ്ഞു.















