കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലര്‍ അനില്‍കുമാറിനേയും (ടിറ്റോ) മകന് അഭിജിത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി അനില്‍കുമാറിന്റെ വീടിനു മുന്നില്‍ വച്ചാണ് സംഭവം. അഭിജിത്തും കൊല്ലപ്പെട്ട ആദര്‍ശും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
ആദര്‍ശും സുഹൃത്തുക്കളും അര്‍ധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദര്‍ശിനെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
യുവാവ് കുത്തേറ്റു മരിച്ചതിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസുമായി ഏറെനേരം മല്‍പ്പിടുത്തും നടത്തിയ ശേഷമാണ് അഭിജിത്ത്് ജീപ്പില്‍ കയറാന്‍ തയാറായത്. പോലീസ് ജീപ്പില്‍ കയറാന്‍ തയാറാകാതെ വീണ്ടും വെല്ലുവിളി മുഴക്കുകയായിരുന്നു ഇയാള്‍. വീട്ടുകാര്‍ അടക്കം ഇയാളോടു ജീപ്പില്‍ കയറാന്‍ പറയുന്നത് സിസി ദൃശ്യങ്ങളിലുണ്ട്്. കുത്തേറ്റു വീണ ആദര്‍ശ് വീടിന്റെ ഗേറ്റിനു സമീപം കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഭിജിത്ത് നേരത്തെയും ചില കേസുകള്‍ പ്രതിയായിട്ടുണ്ടെന്നു പോലീസ് പറയുന്നു.















