ഡബിൾ ഇൻവർട്ടർ കോമ കൊണ്ട് “ആസാദ് കാശ്മീർ” പ്രയോഗത്തെ പ്രതിരോധിക്കാനായില്ല …..
കാശ്മീർ സംബന്ധിച്ച വിവാദ പരാമർശത്തിന് ശേഷം ഡൽഹിയിൽ നിന്ന് കെ ടി ജലീൽ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാതെ ഇന്ന് പുലർച്ചെ കേരളത്തിലേക്ക് തിരിച്ചു
ജലീലിന്റെ വിവാദ പരാമർശത്തെ സംബന്ധിച്ച് ജലീലിനെതിരെ ഡൽഹി പോലീസിന് പരാതി ലഭിച്ചിരുന്നു
ഈ പരാതിയുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ചോദ്യം ചെയ്യലിന് വിളിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടിയായിരുന്നു വ്യക്തിപരമായ കാര്യങ്ങൾ സൂചിപ്പിച്ച് ജലീൽ 14 ന് പുലർച്ചെ മൂന്നിന് തന്നെ ഡൽഹി കേരള ഹൗസിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്
ഇന്നുച്ചയ്ക്ക് കേരളത്തിലേക്ക് തിരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്
ജലീലിനെതിരെ ഇന്ന് കേരള ഹൗസിന് മുന്നിൽ സംഘപരിവാർ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു
കേരളത്തിൽ നിന്നുള്ള എംഎൽഎമാർക്കൊപ്പം പ്രവാസിക്ഷേമ സമിതി പരിപാടികളിൽ പങ്കെടുക്കാനെത്തിയ ജലീൽ ഡൽഹി സന്ദർശനത്തോടൊപ്പം ചില കേരള എംഎൽഎമാരുമൊത്ത് കാശ്മീർ താഴ്വര സന്ദർശിക്കുകയായിരുന്നു. ഈ സന്ദർശനം വിശദീകരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് വിവാദമായത്
മുൻപ് മാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ വെട്ടിച്ച്
ജലീൽ എറണാകുളത്ത് ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തിയത് പുലർച്ചെ അഞ്ചിനായിരുന്നു
കൊച്ചി: കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാടെടുത്തു എന്ന് ആരോപണം നേരിട്ട മുൻ ഉന്നത വിദ്യഭ്യാസ മന്ത്രി കെ ടി ജലീൽ വിവാദ പ്രയോഗങ്ങളുടെ ഭാഗം പോസ്റ്റിൽ നിന്ന് ഒഴിവാക്കി. വൈകാതെത്തന്നെ ഡൽഹിയിലെ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി ഇന്ന് പുലർച്ചെ മൂന്നിന് ജലീൽ ഡൽഹി വിട്ടു.
വിവാദ പോസ്റ്റിലെ ചില പലാമർശങ്ങൾ താൻ ഉദ്ദേശിച്ചതിൽ നിന്ന് വ്യത്യസ്തമായി ചിലർ ദുർവ്യാഖ്യാനം ചെയ്തതിനാൽ ജനങ്ങൾക്കിടയിൽ സൗഹൃദം ഊട്ടിയുറപ്പിക്കുവാൻ അത് പിൻവലിച്ചു എന്ന കുറിപ്പോടെയാണ് ഓഗസ്റ്റ് 13ന് രാത്രി ജലീൽ പുതിയ പോസ്റ്റുമായി എത്തിയത്. എന്നാൽ ഫേസ്ബുക് പോസ്റ്റ് പൂർണമായും പിൻവലിച്ചിട്ടില്ല.
പരാമർശം പിൻവലിക്കും മുൻപ് 13 ന് രാവിലെ ഡബിൾ ഇൻവർട്ടഡ് കോമയിലാണ് താൻ “ആസാദ് കാശ്മീർ” എന്ന് എഴുതിയിട്ടുള്ളത് എന്ന വാദവുമായി ഒരു വിശദീകരണ പോസ്റ്റ് ഇട്ടെങ്കിലും ‘ഇന്ത്യൻ അധീന കാശ്മീർ’ എന്ന് പോസ്റ്റിൽ പരാമർശിച്ചപ്പോൾ ഇൻവർട്ടഡ് കോമകൾ ഉണ്ടായിരുന്നില്ല എന്ന വിമർശനം ജലീൽ നേരിട്ടു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജലീലിന്റെ കാശ്മീർ സംബന്ധിച്ച വിവാദ പരാമർശങ്ങളെ അതിശക്തമായ എതിർത്ത് പ്രസ്താവന നടത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും ജലീലിനെതിരെ രാജ്യവിരുദ്ധ പരാമർശത്തിന് കേസെടുക്കണം എന്ന് കേരള പോലീസിനോട് ആവശ്യപ്പെട്ടു. കേന്ദ്ര പാർലമെൻറ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയും ജലീലിനെതിരെ നടപടി ആവശ്യപ്പെട്ടു.
വിവാദ പരാമർശം വലിയ പ്രതിഷേധങ്ങൾക്ക് വഴി വച്ചതും വിശദീകരണങ്ങൾ ഫലം കാണാതെ വന്നതിനാലുമാണ് ജലീൽ വിവാദ കാശ്മീർ പ്രയോഗങ്ങൾ പിൻവലിച്ചത് ഡൽഹി വിട്ട് കേരളത്തിലെത്തിയത്.
വിവാദ പരാമർശങ്ങൾ അടങ്ങിയ ഒരു ഖണ്ഡിക പൂർണ്ണമായും ജലീൽ പോസ്റ്റിൽ നിന്ന് ഒഴിവാക്കി. ഇന്ത്യൻ അധീന കാശ്മീർ പ്രയോഗവും പോസ്റ്റിൽ നിന്ന് ഒഴിവാക്കി.
ഒഴിവാക്കിയ വിവാദ പോസ്റ്റിലെ ഭാഗങ്ങൾ ഇതാണ് : ‘ പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം “ആസാദ് കാശ്മീർ” എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാൻ്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി ആസാദ് കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം. ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കാശ്മീർ. കശ്മീരിൻ്റെ 90% ഭൂപ്രദേശത്തും ജനവാസമില്ല.’
എന്നാൽ ജലീലിന്റെ വിവാദ പോസ്റ്റിൽ ചരിത്രപരമായ വലിയ തെറ്റുകളും അബദ്ധങ്ങളും ധാരാളം ഉണ്ടെന്ന വിമർശനം ഇപ്പോഴും നിലനിൽക്കുന്നു.
1846ൽ ജമ്മു കാശ്മീർ മഹാരാജാവായി അധികാരമേറ്റ ഗുലാബ് സിങ് 1947ൽ കാശ്മീരിനെ ഇന്ത്യയിൽ ലയിപ്പിക്കുന്നതുവരെ ഭരിച്ചു എന്നാണ് ചരിത്രാദ്ധ്യാപകൻ കൂടിയായ ജലീൽ പോസ്റ്റിൽ പറഞ്ഞത് വാസ്തുപരമായി വലിയ തെറ്റാണെന്നാണ് ആരോപണം.
1822ൽ തന്റെ 30ആം വയസ്സിൽ ജമ്മു രാജാവായ ഗുലാബ് സിങ് 1846ൽ 54ആം വയസ്സിലാണ് ജമ്മു കാശ്മീർ മഹാരാജാവ് ആകുന്നത്. ജലീലിന്റെ കണക്ക് പ്രകാരം 101 വർഷം ഭരിച്ച ഗുലാബ് സിങ്ങിന് അധികാരം ഒഴിയുമ്പോൾ 155 വയസ്സ് ജീവിച്ചു കാണണം എന്നത് വസ്തുതാപരമായ പിശകാണ്.
യഥാർത്ഥത്തിൽ ഗുലാബ് സിങ് 1846 മുതൽ 10 കൊല്ലം ഭരിച്ചശേഷം അനോരോഗ്യം കാരണം മകനെ മഹാരാജാവാക്കിയിട്ട് അധികാരമൊഴിഞ്ഞു. തൊട്ടടുത്ത വർഷം മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 64 വയസ്സ് എന്നതാണ് ചരിത്ര വസ്തുത എന്ന് ജലീലിനെതിരെ ഉള്ള വിമർശനം.
‘ജലീൽ ചരിത്രം’ മുൻപും വിവാദത്തിൽ
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പറ്റി മലബാർ കലാപത്തെ കുറിച്ചുള്ള ജലീലിന്റെ പുസ്തകത്തിലും വസ്തുതാപരമായ വലിയ തെറ്റുകൾ ഉണ്ടെന്ന് വിമർശനം മുൻപുണ്ടായിട്ടുണ്ട്.
‘അൽദൗള ‘ എന്ന് വാരിയൻകുന്നൻ സൃഷ്ട്ടച്ച രാജ്യത്തിന് ‘കേരള രാജ്യം ‘ എന്ന് അതിനു മുൻപ് ചരിത്ര രേഖകളിൽ ഒന്നുമില്ലാത്ത പേർ ജലീൽ നൽകി എന്നായിരുന്നു ഒരാരോപണം.
2021ൽ മലബാർ കലാപത്തിന്റെ നൂറു വർഷങ്ങൾ ആഘോഷിക്കാൻ പദ്ധതികൾ ഉണ്ട് എന്ന വാർത്തകൾ വലിയ വിവാദം സൃഷ്ടിച്ച വേളയിൽ ജലീലിന്റെ മലബാർ കലാപം സംബന്ധിച്ച പുസ്തകത്തിൽ വസ്തുതാപരമായ തെറ്റുകൾ ഉണ്ട് എന്ന് ചർച്ചകൾ സജീവമായിരുന്നു. വാര്യൻകുന്നൻ വംശഹത്തിക്ക് നേതൃത്വം നൽകിയെന്ന വാതവും എതിർപക്ഷം ഉന്നയിച്ചിരുന്നു.
ഒടുവിൽ വാര്യംകുന്നനെന്റെയും ആലി മുസ്ലിയാരെയുടെയും പേരുകൾ സ്വാതന്ത്ര്യ സമര സേനാനികളുടെ ഔദ്യോഗിക പുസ്തകത്തിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു.