ബോട്ടപകടത്തില്‍ 22 മരണം സ്ഥിരീകരിച്ചു
കൊച്ചി: താനൂരും പരിസരപ്രദേശങ്ങളും ദുഃഖസാന്ദ്രം. അപകടവിവരം അറിഞ്ഞ് നൂറുകണക്കിന് പേരാണ് ഇവിടേക്ക് എത്തുന്നത്. തൂവല്‍തീരത്തെ ബോട്ട് അപകടത്തില്‍ 22 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേര് ചികിത്സയിലുണ്ട്. ഒരു കുടുംബത്തിലെ 12 പേര് അപകടത്തില്‍ മരണപ്പെട്ടു. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം കുന്നുമ്മല്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതില്‍ 9 പേര് ഒരു വീട്ടിലും മൂന്ന് പേര് മറ്റൊരു വീട്ടിലുമാണ് താമസം.
അവധി ദിവസമായതിനാല്‍ ഇന്നലെ വൈകിട്ട് വിനോദ സഞ്ചാരികള്‍ കടപ്പുറത്ത് നിറഞ്ഞിരുന്നു. വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകള്‍ സര്‍വീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുന്‍പ് മടങ്ങിയെത്താന്‍ കഴിയാത്തതാണ് കാരണം. എന്നാല്‍ ഇന്നലെ 5 മണിക്കു ശേഷമാണ് താനൂരില്‍ അപകടത്തല്‍പ്പെട്ട ബോട്ട് യാത്ര തിരിച്ചത്. ബോട്ടില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. എന്നാല്‍, 40 ടിക്കറ്റുകളെങ്കിലും വിറ്റിട്ടുണ്ട്.
നാടിനെ നടുക്കിയ പൂരപ്പുഴയിലെ ബോട്ടപകടം പുറത്തറിയുന്നത് രാത്രി 7.45ന്. വിവരം കേട്ടറിഞ്ഞതോടെ ഒട്ടുംപുറം തൂവല്‍തീരത്തേക്കു ജനത്തിന്റെ ഒഴുക്കായിരുന്നു. അപകടം സംഭവിച്ച ബോട്ടിനു തുടക്കത്തില്‍ തന്നെ ഉലച്ചിലുണ്ടായിരുന്നതായി തീരത്തുള്ള ദൃക്സാക്ഷികള്‍ പറയുന്നു. വള്ളംകളി നടക്കുന്ന തൂവല്‍തീരത്തിനു സമീപത്തെ പൂരപ്പുഴയിലായിരുന്നു ദുരന്തം.
ബോട്ടിന്റെ ഒരു ഭാഗം ചെരിഞ്ഞതോടെ കുറച്ചു പേര് പുഴയിലേക്കു ചാടിയെന്നാണ് ആദ്യമായി അപകട സ്ഥലത്തെത്തിയവര്‍ പറയുന്നത്.അതിന്റെ പരിഭ്രാന്തിയില്‍ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയപ്പോള്‍ ബോട്ട് തലകീഴായ് മറഞ്ഞതാകാമെന്നാണ് നിഗമനം. അപകടത്തില്‍പ്പെട്ട ബോട്ടിന് രണ്ടു തട്ടുകളുണ്ട്. ബോട്ട് തലകീഴായ് മറിഞ്ഞതോടെ കുറെപ്പേര് അതിനുള്ളില്‍പ്പെട്ടു. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. 2 മണിക്കൂറിനു ശേഷം ബോട്ട് കരയ്ക്ക് വലിച്ചടുപ്പിക്കുമ്പോള്‍ ഒട്ടേറെ പേര് അതില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
ബോട്ട് മറിഞ്ഞെന്ന വാര്‍ത്ത പരന്നതോടെ പൂരപ്പുഴയുടെ ഇരുവശത്തുമുള്ള ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ അപകടസ്ഥലത്തേക്ക് കുതിച്ചു. മത്സ്യബന്ധന ബോട്ടുകളുമായെത്തിയും അല്ലാതെയും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടതും അവര്‍ തന്നെ.വെള്ളത്തില്‍ വീണവരെ ആദ്യം രക്ഷിച്ച് കരയ്ക്കു കയറ്റി. വെളിച്ചക്കുറവിനെയും പുഴയിലെ ചെളിയെയും അവഗണിച്ച് നടന്ന രക്ഷാപ്രവര്‍ത്തനത്തിന് തുണയായതും മത്സ്യത്തൊഴിലാളികളുടെ പരിചയസമ്പത്തു തന്നെ.
പിന്നീട് ബോട്ട് ഉയര്‍ത്തി ആളുകളെ പുറത്തെടുക്കാനായി മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് ശ്രമം തുടങ്ങിയത്. ഇതിനായി നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ കൈകോര്‍ത്തു. പിന്നീട് മണ്ണുമാന്തി കൂടി എത്തിച്ചാണ് ബോട്ട് കരയ്ക്കടുപ്പിച്ചത്.രാത്രി വൈകിയും മത്സ്യത്തൊഴിലാളികളുടെയും മറ്റു സന്നദ്ധ സേവകരുടെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ പുഴയില്‍ തിരച്ചില്‍ നടന്നു. അര്‍ധരാത്രി കഴിഞ്ഞ് 12.25ന് ഒരു കുട്ടിയുടെ മൃതദേഹം ചെളിയില്‍ നിന്നു വീണ്ടെടുത്തത് ഈ തിരച്ചിലിനിടയിലാണ്.
കൂരിരിട്ടും രക്ഷാ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. മറിഞ്ഞു രണ്ടര മണിക്കൂറിനു ശേഷമാണു ബോട്ട് ഉയര്‍ത്താനായത്. രാത്രി ഒന്‍പതോടെയാണു ദുരന്തമേഖലയില്‍ വെളിച്ചമെത്തിച്ചത്. ഇതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. തീരത്തേക്കുള്ള ഇടുങ്ങിയ റോഡുകളും രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കുറച്ചു. ഒന്‍പതരയോടെയാണു ബോട്ട് ഉയര്‍ത്താനായത്.
ഇന്ന് രാവിലെ ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍.ഡി.ആര്.എഫ്, ഫയര്‍ഫോഴ്സ് തിരച്ചില്‍ പുനരാരംഭിച്ചു. 21 അംഗ എന്‍.ഡി.ആര്.എഫ് സംഘവും ഫയര്‍ഫോഴ്സുമാണ് രാവിലെ വെളിച്ചം വീണതോടെ തെരച്ചില്‍ തുടങ്ങിയത്. വെള്ളം തെളിഞ്ഞ് തുടങ്ങിയതും വെളിച്ചം വീണതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയും എന്‍.ഡി.ആര്.എഫ് സംഘം പങ്കുവെച്ചു. അപകടത്തില്‍പ്പെട്ടവര്‍ ഒഴുകിപ്പോയതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അപകടത്തില്‍പെട്ടവരുടെ കൃത്യമായ കണക്കില്ല: കാണാതായവരെ കുറിച്ച് പൊലീസില്‍ അറിയിക്കണമെന്ന് മന്ത്രി രാജന്. ബോട്ടപകടത്തില്‍ പെട്ട ആളുകളുടെ കൃത്യമായ കണക്ക് കണ്ടെത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളി. അപകടത്തില്‍പെട്ടത് സ്വകാര്യ ബോട്ടായതിനാല്‍ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ബോട്ടില്‍ 40 ഓളം പേര് ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 22 പേര് മരിക്കുകയും 10 പേരെ രക്ഷിക്കുകയും ചെയ്തു. അഞ്ച് പേര് അപകടം നടന്ന സ്ഥലത്ത് നിന്ന് നീന്തിക്കയറിയെന്നും വിവരമുണ്ട്.
കാണാതായവരെ കുറിച്ച് ജനം വിവരമറിയിക്കണമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ,രാജന് പറഞ്ഞു. പൂരപ്പുഴ ഭാഗത്തേക്ക് ഇന്നലെ വന്ന ശേഷം കാണാതായവരെ കുറിച്ച് വിവരം അറിയിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഈ വിവരം കൈമാറണം. എത്ര ടിക്കറ്റ് എടുത്തുവെന്നോ, എത്ര പേര് ബോട്ടില്‍ കയറിയെന്നോ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനാണ് മുഖ്യ പരിഗണന നല്‍കിയതെന്നും ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട പരാതികള്‍ പിന്നീട് പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.
പരപ്പനങ്ങാടി കുന്നുമ്മല്‍ വീട്ടില്‍ മരിച്ചത് 9 പേര്
പരപ്പനങ്ങാടി കുന്നുമ്മല്‍ സെയ്തലവിയുടെ വീട് പ്രാര്‍ത്ഥനാനിര്‍ഭരമായിരുന്നു. ഈ കുടുംബത്തിലെ ഒന്‍പത് പേരാണ് തണ്ണീര്ത്തൂവല് ബോട്ടപകടത്തില്‍ മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് കുന്നുമ്മല്‍ വീട്ടിലേക്ക് ഒമ്പത് മയ്യത്തുകളും എത്തിയത്. മരിച്ചവരില്‍ സ്ത്രീകളും ഒന്നരവയസ്സുകാരിയും ഉള്‍പ്പെടുന്നു. സെയ്തലവിയുടെയും സഹോദരന് സിറാജിന്റെയും കുടുംബത്തിലെ ഒമ്പത് പേരാണ് ബോട്ട് അപകടത്തില്‍ മരിച്ചത്.
ബന്ധുക്കളുടെ അടക്കം 12 പേരുടെ മയ്യത്തുകളാണ് ഇവിടെ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ എത്തിച്ചത്. പിന്നീട് അടുത്തുള്ള മദ്രസയില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. കുന്നുമ്മല്‍ വീട്ടിലേക്ക് വന്‍ജനപ്രവാഹമാണ്. ജനക്കൂട്ടത്തെ പോലീസ് തടഞ്ഞു. പൊതു
ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് കുടുംബനാഥനായ സൈതലവിക്ക് വിശ്വസിക്കാന്‍ പോലുമാകുന്നില്ല. പെരുന്നാള്‍ അവധിക്ക് ഒത്തു ചേര്‍ന്ന് സന്തോഷത്തിന്റെ നാളുകള്‍ ഒടുവില്‍ കണ്ണീര്‍ക്കയത്തില്‍ കൊണ്ടെത്തിക്കുമെന്നൊരിക്കലും ആ കുടുംബം വിചാരിച്ചുകാണില്ല.
പെരുന്നാള്‍ അവധിയില്‍ എല്ലാവരും ഒത്തുചേര്‍ന്നതായിരുന്നു ആ കുഞ്ഞു വീട്ടില്‍. കുടുംബനാഥന് കുന്നുമ്മല്‍ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മല്‍ ജാബിര്‍, കുന്നുമ്മല്‍ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടില്‍ ഒത്തു ചേര്‍ന്നത്. ഞായറാഴ്ച അവധി ദിവസമായതു കൊണ്ട് തന്നെ കുട്ടികളുടെ നിര്‍ബന്ധപ്രകാരമാണ് തൂവല്‍ത്തീരം സഞ്ചരിക്കാന്‍ തീരുമാനിക്കുന്നത്.
മടങ്ങിപ്പോകുന്നതിന് മുമ്പ് എല്ലാവരും ഒത്തു ചേരണം, സന്തോഷം പങ്കുവെക്കണം. കുട്ടികളുടെ ആഗ്രഹത്തിന് മുമ്പില്‍ സൈതലവിയ്ക്ക് മറുത്തൊന്നും പറയാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ സൈതലവി കുട്ടികളോടും ഭാര്യമാരോടും നിര്‍ബന്ധപൂര്‍വ്വം പറഞ്ഞിരുന്നു, ഒരു കാരണവശാലും ബോട്ടില്‍ കയറരുത് എന്ന്. സൈതലവി തന്നെയായിരുന്നു ഇവരെ എല്ലാവരേയും കട്ടാങ്ങലില്‍ എത്തിച്ചത്.
എന്നാല്‍ തിരിച്ച് വീട്ടിലെത്തി കുറച്ചുനേരം കഴിഞ്ഞ ശേഷം സൈതലവി ഭാര്യയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ അപ്പുറത്ത് നിന്ന് നിലവിളികളായിരുന്നു, ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യ നിലവിളിയോടെ അറിയിച്ചപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നില്ക്കാനെ സൈതലവിക്കായുള്ളൂ. പിന്നിട് അവിടെ കണ്ട ആളുകളേയും കൂട്ടി നിമിഷനേരം കൊണ്ട് സംഭവ സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഓടിച്ചെന്ന് എത്തിയപ്പോഴേക്കും സൈതലവി കാണുന്ന കാഴ്ച, ഇത്രയും കാലം കൂടെ ഉണ്ടായിരുന്ന മകളുടെ മൃതദേഹം വെള്ളത്തില്‍ നിന്ന് പുറത്തേക്കെടുക്കുന്നതായിരുന്നു. കണ്ടു നില്‍ക്കുന്നവരെ ആകെ കണ്ണീരിലാഴ്ത്തുന്ന രംഗമായിരുന്നു അത്.
തീരത്തു നിന്ന് കാഴ്ചയില്‍ ദൂരത്തായിരുന്നു ബോട്ട് എന്നതുകൊണ്ടും രാത്രിയായിരുന്നു എന്നതിനാലും രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി. ചെറുബോട്ടുകളിലായെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് തന്നെ.
അപകടത്തില്‍ കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യയും (ജല്‍സിയ) മകനും (ജരീര്‍), കുന്നുമ്മല്‍ സിറാജിന്റെ മൂന്നുമക്കളും (നൈറ, റുഷ്ദ, സഹറ) ഭാര്യയും, സൈലവിയുടെ ഭാര്യ (സീനത്ത്) നാല് മക്കളും (ഷംന, ഹസ്ന, സഫ്ന) എന്നിവരാണ് മരിച്ചത്. പത്ത് മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞും ഇനിയില്ല. ഇനി ആ കുടുംബത്തില്‍ അവശേഷിക്കുന്നത് മാതാവും മൂന്ന് ആണ്മക്കളും പിന്നെ പരിക്കേറ്റ സഹോദരിയും മക്കളും അടക്കം എട്ട് പേര് മാത്രം.
രോക്ഷാകുലരായ നാട്ടുകാര്‍ ബോട്ട് ജെട്ടി പാലം കത്തിച്ചു
ബോട്ട് ജെട്ടിയിലെ പാലം കത്തിച്ച് ക്ഷുഭിതരായ നാട്ടുകാര്‍. കെട്ടുങ്ങല്‍ ബീച്ചിലെ താല്കാലിക പാലമാണ് നാട്ടുകാര്‍ കത്തിച്ചത് ഇന്നലെ അപകടപ്പെട്ട ബോട്ടിലേക്ക് യാത്രക്കാര്‍ സഞ്ചരിച്ച പാലമാണ് നാട്ടുകാര്‍ കത്തിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് പൂരപ്പുഴയിലെക്ക് സര്‍വീസിനായി ബോട്ട് പുറപ്പെട്ടത്. ബോട്ട് പുറപ്പെട്ട ഒരു മണിക്കൂറിന് ശേഷം ബോട്ട് അപകടത്തില്‍പെടുകയായിരുന്നു. സമയം കഴിഞ്ഞതിന് ശേഷം സര്‍വീസ് നടത്തിരുന്നെന്ന് നാട്ടുകാര്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു തുടര്‍ന്നാണ്, ഇന്നലെ അപകടത്തിന് ശേഷം നാട്ടുകാര്‍ പാലം കത്തിച്ചത്. അനധികൃതമായി ബോട്ട് സര്‍വീസ് നടത്തുന്നതിന് പ്രദേശവാസികള്‍ പൊലീസില്‍ കേസ് നല്‍കിയിരുന്നു.
നരഹത്യക്ക് കേസ്, ബോട്ടുടമ ഒളിവില്‍
കേരളത്തെ നടുക്കിയ താനൂര്‍ അപകടത്തില്‍ ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. താനൂര്‍ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി. മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു. മാത്രമല്ല ബോട്ടുടമ അപകടത്തില്‍പെട്ടവരുടെ ലിസ്റ്റും കൈമാറിയിട്ടില്ല.
അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തില്‍ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസന്‍സ് നമ്പറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പുറപ്പെടുന്നതിന് മുമ്പേ ബോട്ട് ചെരിഞ്ഞു
അപകടത്തില്‍പ്പെട്ട ബോട്ടില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് ദുരന്തത്തിന് വഴിവച്ചതെന്ന് റിപ്പോര്‍ട്ട്. യാത്ര തുടങ്ങുന്നതിന് മുമ്പേ ബോട്ട് ചെരിഞ്ഞിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ നാട്ടുകാരില്‍ ചിലരുടെ മുന്നറിയിപ്പ് അവഗണിച്ചും ബോട്ട് മുന്നോട്ട് നീങ്ങുകയായിരുന്നു. ടിക്കറ്റെടുത്തെങ്കിലും സുരക്ഷ സംബന്ധിച്ച ആശങ്ക മൂലം അഞ്ച് പേര് ബോട്ടില്‍ കയറാതെ അവസാന നിമിഷം പിന്‍വാങ്ങി. വിനോദസഞ്ചാര ബോട്ടിന് വേണ്ട ഫിറ്റ്നസും അപകടത്തില്‍പെട്ട ബോട്ടിന് ഉണ്ടായിരുന്നില്ല. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. യാത്രയ്ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല.
മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
മലപ്പുറം താനൂരിലെ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. ഇന്നലെ രാത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. രാവിലെ 10 മണിക്കുള്ളില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് 9:30 യോടെ എല്ലാ ആശുപത്രികളിലെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
നടപടികള്‍ വേഗത്തിലാക്കുന്നതിന് തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തി. മന്ത്രി വീണാ ജോര്‍ജ് മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശന ദുരന്ത സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് എന്ന് റവന്യു മന്ത്രി കെ രാജന് മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന്, വളരെ ഗൗരവത്തോട് ഈ വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ പ്രദേശവാസികള്‍ക്ക് മന്ത്രി നന്ദി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേനയെത്തി
താനൂരില്‍ ബോട്ടപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി നാവിക സേനയുടെ ഹെലിക്കോപ്റ്റര്‍ എത്തി. ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യന്‍ നേവി സംഘം സ്ഥലത്തെത്തിയത്. ഇവര്‍ ദേശീയ ദുരന്ത നിവാരണ സേനയുമായി സംസാരിക്കുകയാണ്. ഇനി നേവിയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുക. താനൂരില്‍ ബോട്ടപകടം നടന്ന സ്ഥലത്ത് ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് നിഗമനം.