കൊടുത്ത സംഭാവന തിരികെ നൽകിയ നേതാവ്, ആരിൽ നിന്നും അനാവശ്യമായി യാതൊന്നും സ്വീകരിക്കരുതെന്ന് മക്കളെ പഠിപ്പിച്ച പിതാവ്, കറകളഞ്ഞ മനുഷ്യ സ്നേഹി
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ
കൊച്ചി: വർഷങ്ങൾക്ക് മുൻപാണ്. കൃത്യമായി പറഞ്ഞാൽ 2012. പിറവം എം.എൽ. എയും മുൻ മന്ത്രിയും ധിഷണാശാലിയായ രാഷ്ട്രീയ നേതാവുമായ ടി.എം ജേക്കബിന്റെ അപ്രതീക്ഷിതമായ മരണം കേരള രാഷ്ട്രീയത്തിൽ തന്നെ ഇടംപിടിച്ച സമയമായിരുന്നു അത്. രണ്ട് സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ശ്രീ ഉമ്മൻചാണ്ടി നേതൃത്വം നൽകുന്ന യു.ഡി.എഫ് ഭരണം. അതുകൊണ്ടുതന്നെ ഇരു മുന്നണികളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ളതായിരുന്നു ആ തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിതമായി ആ ഫോൺകോൾ എന്നെ തേടിയെത്തുന്നത്. ഞാൻ ആർ. കെ ആണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോൺ. അതേ, ഉമ്മൻചാണ്ടിയുടെ എല്ലാമെല്ലാമായിരുന്ന പി.എ ആർ.കെ ബാലകൃഷ്ണനായിരുന്നു അത്.
ഉമ്മൻചാണ്ടി സാർ പറഞ്ഞിട്ടാണ് താൻ വിളിക്കുന്നതെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്നും ഡോക്ടർക്ക് സഹായിക്കാൻ കഴിയുമോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. രാഷ്ട്രീയക്കാർ സ്ഥിരമായി ആവശ്യപ്പെടുന്ന കാര്യമായതിനാൽ മടികൂടാതെ സമ്മതിക്കുകയും അടുത്ത ദിവസം തന്നെ സാമാന്യം വലിയൊരു തുക കൈമാറുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഫലം യു.ഡി.എഫിന് അനുകൂലമായിരുന്നു.
മറ്റ് തിരക്കുകൾ ഉള്ളതിനാൽ ഞാൻ ഇക്കാര്യം പൂർണമായും മറന്ന് കഴിഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞ് ആർ.കെയുടെ വീണ്ടും വിളിച്ചു. ഇക്കുറിയും ഉമ്മൻചാണ്ടി സാർ പറഞ്ഞിട്ടായിരുന്നു വിളി. മുഖവുരയൊന്നും കൂടാതെ അദ്ദേഹം പറഞ്ഞു തുടങ്ങി. “പണം നൽകി സഹായിച്ചതിന് നന്ദി അറിയിക്കാൻ ഉമ്മൻചാണ്ടി സാർ പറഞ്ഞിട്ടുണ്ട്. അതുമാത്രമല്ല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതീക്ഷിക്കാതെ മറ്റിടങ്ങളിൽ നിന്ന് പണം ലഭിച്ചിരുന്നു. അതുകൊണ്ട് താങ്കൾ തന്ന പണം തിരികെ സ്വീകരിക്കണമെന്ന് പറയാൻ അദ്ദേഹം ഏൽപ്പിച്ചിട്ടുണ്ട്. മറ്റൊന്നും തോന്നരുത് എന്നും സാർ പറയാൻ പറഞ്ഞു.”
അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിത്തരിച്ച നിമിഷമായിരുന്നു അത്. പല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർക്കും ഇതിനു മുൻപ് സംഭാവന നൽകിയിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു അനുഭവം ആദ്യമായിട്ടായിരുന്നു. ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയക്കാരനെ കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ഓർക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം എത്തുന്ന ഒരു സംഭവമാണിത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി അദ്ദേഹത്തെ നോക്കിക്കാണുന്ന വ്യക്തിയാണ് ഞാൻ. 15 വർഷത്തിലധികമായി അടുത്ത ബന്ധവുമുണ്ടായിരുന്നു. ഇക്കാലയളവിൽ ആസ്റ്ററുമായി ബന്ധപ്പെട്ട നിരവധി തവണ അദ്ദേഹവുമായി ഇടപഴകാൻ സാധിച്ചു. വയനാട്ടിലെ മൂപ്പൻസ് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികളിൽ ഒപ്പം നിന്നത് അദ്ദേഹമായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻചാണ്ടി സാറായിരുന്നു പ്രശ്നങ്ങളെ തരണം ചെയ്യാൻ സഹായിച്ചതും മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം നിർവഹിച്ചതും.
ഒരു മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിന് സഹജീവികളോടുള്ള കരുതലും ആർദ്രതയും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിയതും അത്തരത്തിലുള്ള ഇടപെടലുകളിൽ നിന്നാണ്. ബധിരരായ കുട്ടികൾക്ക് ആശ്വാസമാകുന്ന കോക്ലിയർ ഇമ്പ്ലാന്റ് ചികിത്സ ആദ്യമായി ആരംഭിച്ചത് കോഴിക്കോട് ആസ്റ്റർ മിംസിലായിരുന്നു. ഒട്ടും കേൾവി ഇല്ലാത്തവർക്ക് പോലും കേൾവി ശക്തി വീണ്ടെടുക്കാൻ കഴിയുന്ന ചികിത്സയാണത്. ചിലവേറിയ മെഷീനുകളും മറ്റും ഉപയോഗിക്കുന്നതിനാൽ രോഗികളെ സംബന്ധിച്ചിടത്തോളം ചികിത്സ ചിലവ് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു. അന്ന് അദ്ദേഹം നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിനാൽ നിരവധി പേർക്ക് ചികിത്സ സൗജന്യം നൽകിയിട്ടുണ്ട്. ഇതിനുപുറമേ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം നിരവധി പേരാണ് നിർധന രോഗികൾക്ക് വേണ്ടി ചികിത്സാ സഹായം നൽകിയത്. പിന്നീട് സർക്കാർ പദ്ധതിയിൽ പെടുത്തി നിരവധി കുട്ടികൾക്ക് കേൾവി ശക്തി നൽകാൻ അദ്ദേഹം നടത്തിയത് വലിയ ഇടപെടലുകളായിരുന്നു.
വർഷങ്ങൾ പിന്നെയും കഴിഞ്ഞു. 2015 ആയി. അന്നൊരിക്കൽ മകൾ അച്ചു ഉമ്മനെയും കുടുംബത്തെയും കാണാനായി അദ്ദേഹം ദുബായിലെത്തി. ഭാര്യ മറിയാമ്മയും മറ്റു കുടുംബാംഗങ്ങളും ഒപ്പമുണ്ട്. അച്ചുവിന്റെ മകളുടെ അതായത് ഉമ്മൻ ചാണ്ടി സാറിന്റെ പേരകുട്ടിയുടെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു. മകളുടെ അടുത്ത സുഹൃത്ത് എന്ന നിലയിൽ അച്ചുവുമായും അടുത്ത ബന്ധമായിരുന്നു എനിക്കുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ചെറിയൊരു വജ്രാഭരണം ഞാൻ സമ്മാനമായി കരുതിയിരുന്നു.
പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയ ഞാൻ അടുത്തദിവസം രാവിലെ ഉറക്കത്തിൽ നിന്ന് എണീറ്റത് അച്ചുവിന്റെ ഫോൺ വിളി കേട്ടാണ്. എന്താ മോളെ എന്ന് ചോദിച്ചപ്പോൾ അപ്പുറത്തു നിന്നുള്ള വിതുമ്പലായിരുന്നു ആദ്യ മറുപടി. തെല്ലൊരു അമ്പരപ്പോടെ ഞാൻ ഞെട്ടിപ്പിടിച്ച് എഴുന്നേറ്റപ്പോഴേക്കും അവൾ പറഞ്ഞു.
“അങ്കിൾ, നിങ്ങൾ പോയ ശേഷമാണ് ആ ബോക്സ് ഞാൻ തുറന്നു നോക്കിയതും അതിനുള്ളിലെ സമ്മാനം കണ്ടതും. ഇത് കണ്ടാൽ അപ്പ എന്നെ കൊല്ലും. ആരിൽ നിന്നും ഒരു സൗജന്യം സ്വീകരിക്കരുതെന്നാണ് അദ്ദേഹം പഠിപ്പിച്ചിട്ടുള്ളത്. ദയവുചെയ്ത് ഇത് തിരിച്ചെടുക്കാമോ?”
ആ സമയം ആ പിതാവിനോട് അത്ഭുതത്തേക്കാളേറെ അഭിമാനമായിരുന്നു എനിക്ക് തോന്നിയത്. താൻ എങ്ങനെയാണോ അതുപോലെ തന്നെയാവണം തന്റെ മക്കളും എന്ന് ചിന്തിച്ച, അന്യായമായി ഒരു രൂപ പോലും ആരിൽ നിന്നും സ്വീകരിക്കരുത് എന്ന് പഠിപ്പിച്ച അദ്ദേഹത്തെക്കുറിച്ചായിരുന്നു പിന്നീട് കടുത്ത അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നത്.
ഇതുപോലെയുള്ള സംഭവങ്ങൾ നേരിട്ട് അറിയാവുന്ന എന്നെ പോലെ ഒരാൾക്ക് പോലും അത് വിശ്വസിക്കാനായില്ല എന്നതാണ് വസ്തുത. അക്കാര്യം പിന്നീട് കോടതിയും ജനസമൂഹവും മനസ്സിലാവുകയും ചെയ്തു. ഇത്തരം ഒരു ആരോപണം ഉയരുകയും അത് ചർച്ചയായി വലിയ കോലാഹലങ്ങൾക്ക് കാരണമായതിലും അദ്ദേഹത്തെ അടുത്തറിയാവുന്ന വ്യക്തിയെന്ന നിലയിൽ എനിക്ക് ഏറെ ഖേദമുണ്ട്. എത്രമാത്രം ജനകീയനായിരുന്നു അദ്ദേഹം എന്നത് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇന്നലെ മുതൽ ലോകത്ത് മലയാളികൾ ഉള്ള എല്ലായിടത്തും ചർച്ച ചെയ്യപ്പെടുന്നതും അതുതന്നെയാണ്. ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച അപൂർവം ചില ജനനേതാക്കളിൽ ഒരാളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കുകയും സർവ്വശക്തൻ സ്വർഗത്തിൽ ഏറ്റവും നല്ല സ്ഥാനം തന്നെ നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് സങ്കടകരമായ ഈ സാഹചര്യം മറികടക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു.