Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മാധ്യമമേഖല കോര്‍പറേറ്റുകള്‍ കയ്യടക്കി: മന്ത്രി വീണ ജോര്‍ജ്

തൃശൂര്‍: സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന് കഴിയാത്ത കാലഘട്ടമാണിതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിപ്രായപ്പെട്ടു. പ്രസ് ക്ലബിന്റെ പത്താമത് ടി.വി. അച്യുതവാരിയര്‍ സ്മാരക മാധ്യമ പുരസ്‌കാര സമര്‍പ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.
മാധ്യമമേഖല കോര്‍പറേറ്റുകള്‍ കയ്യടക്കിയിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളുടെയടക്കം ഉടമസ്ഥത വഹിക്കുന്നത് കോര്‍പറേറ്റുകളാണ്. രാജ്യത്തിന്റെ സാമ്പത്തിക, തൊഴില്‍, വ്യാപാര നയങ്ങള്‍ നിര്‍ണയിക്കുന്നതിനും, അഭിപ്രായം സ്വരൂപിക്കുന്നതിനും മുഖ്യപങ്കുവഹിക്കുന്നത് കോര്‍പറേറ്റ് മാധ്യമങ്ങളാണ്.
സാമ്പത്തിക നയങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് അനൂകൂലമാണ്. രാജ്യത്തെ സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളില്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് എങ്ങനെയാണ് ഇടപെടാന്‍ കഴിയുകയെന്ന് അവര്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തനരംഗത്ത് ഒട്ടും ആരോഗ്യകരമല്ലാത്ത മത്സരമാണിന്ന് നടക്കുന്നത്. സ്വതന്ത്രമായ നിലനിൽപ്പിന് മാധ്യമപ്രവര്‍ത്തകര്‍ കഷ്ടപ്പെടുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പരിസ്ഥിതിസംരക്ഷണത്തിന് ധീരമായ നിലപാട് എടുത്ത മാധ്യമപ്രവര്‍ത്തകനായിരുന്നു ടി.വി.അച്യുതവാരിയരെന്നും അവര്‍ പറഞ്ഞു. മുന്‍പേ നടന്ന ക്രാന്തദര്‍ശികളായ മാധ്യമപ്രവര്‍ത്തകരെ ഓര്‍ക്കുന്നത് വര്‍ത്തമാനകാലമാധ്യമപ്രവര്‍ത്തനത്തിന്റെ അവലോകനത്തിനും, മുന്നോട്ടുപോക്കിനും അനിവാര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തില്‍ നാലാം തൂണായ മാധ്യമങ്ങള്‍ കണ്ണടച്ചാല്‍ നീതിബോധമുള്ള ജനസമൂഹം ഉണ്ടാകില്ലെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ടി.എന്‍.പ്രതാപന്‍ എം.പി പറഞ്ഞു. ആശങ്കയും ഭീതിയും നിറഞ്ഞ ഈ കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തന്റെ അറിവും, അനുഭവങ്ങളും നാളത്തേയ്ക്കുള്ള ഈടുവെയ്പായി പുതുതലമുറയ്ക്ക് പകരാന്‍ കഴിഞ്ഞ ദാര്‍ശനികനായിരുന്നു ടി.വി.അച്യുതവാരിയരെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ഇ.രാജന്‍ പറഞ്ഞു.
അവാര്‍ഡ് ജേതാക്കളായ മനോരമ ന്യൂസിലെ സീനിയര്‍ ന്യൂസ് ക്യാമറാമാന്‍ സന്തോഷ്.എസ്.പിള്ള, മാതൃഭൂമി ദിനപത്രത്തിലെ ഫോട്ടോഗ്രാഫര്‍ ജി.ശിവപ്രസാദ് എന്നിവരും, വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം നേടിയ മാധ്യമപ്രവര്‍ത്തകരുടെ മക്കളായ അനുജിത്.എ, അമോഘ.പി, കൃഷ്ണനന്ദ.എം.വി, പി.എസ്.ബ്രഹ്‌മദത്തന്‍, അന്ന തെരേസ, വി.എച്ച്.ശ്രീലക്ഷ്മി, എം.ഭഗത് എന്നിവരും മന്ത്രി വീണ ജോര്‍ജില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. വിരമിക്കുന്ന മാധ്യമപ്രവര്‍ത്തക എ.കൃഷ്ണകുമാരിക്ക് യാത്രയയപ്പ് നല്‍കി.


തൃശൂര്‍ പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ഒ.രാധിക അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനിത, കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ്, പ്രസ് ക്ലബ് സെക്രട്ടറി, പോള്‍ മാത്യു ട്രഷറര്‍ കെ. ഗിരീഷ്, ഭാസി പാങ്ങില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *